നെടുമ്പാശേരി: മഹാപ്രളയം ഏറെ നാശം വിതച്ച കുന്നുകരയിൽ ഒച്ച് ശല്യം രൂക്ഷമായി. തീൻമേശകളിലും വീടിന്റെ ഭിത്തികളിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞുനടക്കുന്നു. വടക്കെ അടുവാശേരിയുടെ വിവിധ ഭാഗങ്ങളിൽ ഇവ ദിനംപ്രതി വർദ്ധിക്കുകയാണ്. വീടുകളുടെ ചുമരുകളിലും മതിലുകളിലും കാടുപിടിച്ച് കിടക്കുന്ന വഴിയോരങ്ങളിലും എല്ലാം ഇവയെ ധാരാളം കാണാം. അടുക്കളയിലെ പാത്രങ്ങളിൽ വരെ ഒച്ച് കയറിക്കൂടുന്നുണ്ട്.
അങ്കമാലി മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്ന ആഫ്രിക്കൽ പായലിനെക്കാൾ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ആഫ്രിക്കൻ ഒച്ചിനെ നാട്ടിൽനിന്ന് ഇല്ലായ്മ ചെയ്യുവാൻ ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികാരികൾ സ്വീകരിക്കണമെന്ന് അടുവാശേരി ഗ്രാമീണ വായനശാല ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എസ്. സുധീശൻ, സെക്രട്ടറി രാജേഷ് വി. ചന്ദ്രൻ , ട്രഷറർ എ.വി. പ്രദീപ്, വി.കെ. പുഷ്പാംഗദൻ, മുരുകദാസ്, ടി.ജി. വിപിൻ, കെ.കെ. ജയൻ, തങ്കച്ചൻ വിതയത്തിൽ, ഷാബു തുടങ്ങിയവർ സംസാരിച്ചു.