പെരുമ്പാവൂർ: വാശിയേറിയ ഹൈസ്‌കൂൾ വിഭാഗം കോൽകളി മത്സരം അവസാനിച്ചപ്പോൾ കയ്യാങ്കളിയായി. വിധിനിർണയത്തിൽ പാകപ്പിഴ ആരോപിച്ച് വിധികർത്താക്കൾക്കു നേരെ ചില മത്സരാർഥികൾ പ്രതിഷേധവുമായി പാഞ്ഞടുത്തതാണ് നേരിയ സംഘർഷത്തിലെത്തിച്ചത്.
കസേരയെറിഞ്ഞും വിധികർത്താക്കൾക്കു മുമ്പിലെ മേശയിൽ അടിച്ചും രംഗം വഷളാക്കിയ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ സംഘാടകർ വിഷമിച്ചു. പ്രതിഷേധിച്ച സ്‌കൂളിലെ അധ്യാപകർ കൂടി ഇടപെട്ടതോടെയാണു സ്ഥിതി ശാന്തമായത്.
അങ്കമാലി ഡിപോൾ സ്‌കൂളാണ് കോൽകളിയിൽ തുടർച്ചയായ അഞ്ചാം വർഷവും ഒന്നാംസ്ഥാാനം നേടിയത് മുഹമ്മദ് ഹനീഷ്, ഡാൽവിൻ സജി, സിൽജോ സാബു, അഭിനവ് സുധീഷ്, അഭിനവ് ഷൈജു, മുഹമ്മദ് നസൽ, അമൽ ടി. സൈമൺ, എഡ്വിൻ ജോഷി, മനു കൃഷ്ണ, അമിത് കെ. ബൈജു, ഇഗ്‌സോ വർഗീസ്, സി.ആഷിക് എന്നിവരാണു കോൽകളി ടീമിനെ ആവേശവിജയത്തിലെത്തിച്ചത്.
ഇക്കുറിയും മലപ്പുറത്തെ മീരാൻ കോയ ഗുരുക്കളാണു പരിശീലകൻ. കോൽകളിയെക്കുറിച്ച് ആധികാരിക ഗ്രന്ഥം രചിച്ചിട്ടുള്ള ഇദ്ദേഹം സംസ്ഥാനത്തു നാലു ജില്ലകളിൽ കലോത്സവത്തിനു ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്. ഏഴു ടീമുകൾ മത്സരിച്ച ഹൈസ്‌കൂൾ വിഭാഗത്തിൽ എല്ലാവർക്കും എ ഗ്രേഡുണ്ട്.