കൊച്ചി : സഭാതർക്കത്തിൽ ഇനി ചർച്ചയ്‌ക്കില്ലെന്നും സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് വേണ്ടതെന്നും ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. പള്ളികൾ കൈയേറുകയും ശവസംസ്കാരം നിഷേധിക്കുകയും ചെയ്യുന്നെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ ദിയസ്കോറസ് മെത്രാപ്പൊലീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1974 മുതൽ ചർച്ചകൾ നടത്തിയിട്ടും യാക്കോബായവിഭാഗം വിട്ടുവീഴ്ച ചെയ്‌തില്ല. കോടതി വിധികൾ നടപ്പാക്കുന്നത് താമസിപ്പിക്കാനുള്ള മാർഗമായിരുന്നു അവർക്ക് ചർച്ച. വിധി നടപ്പാക്കിയശേഷം കുറവുകളുണ്ടായാൽ ചർച്ചയ്ക്ക് തയ്യാറാണ്. ചർച്ചയുടെ പേരിൽ ഇനിയും കബളിപ്പിക്കപ്പെടാൻ തയ്യാറല്ല. കോടതിയുടെ അന്തിമ വിധിപ്രകാരം പള്ളികൾ തിരിച്ചെടുക്കുകയാണ് ഓർത്തഡോക്സ് വിഭാഗം ചെയ്യുന്നത്.
വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം പിറവം പള്ളിയിൽ സംസ്കരിക്കുന്നത് തടഞ്ഞിട്ടില്ല. പള്ളി തുറന്നു കൊടുത്തിരുന്നു. മൃതദേഹം കിടത്തിയ പെട്ടി അടച്ചാണ് പള്ളിയിൽ കൊണ്ടുവന്നത്. അടയ്ക്കാതെ കൊണ്ടുവന്നാലേ പള്ളിയിൽ കയറ്റാൻ പാടുള്ളൂ. നിയമവിരുദ്ധപ്രവർത്തനം പൊലീസാണ് തടഞ്ഞത്. സെമിത്തേരിയിൽ സംസ്കാരം നടത്തുകയും ചെയ്തു.
സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനും ജനവികാരം ഇളക്കിവിടാനുമാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. ചില രാഷ്ട്രീയ, സാമൂഹികപ്രവർത്തകർ അവർക്കൊപ്പം ചേരുകയാണ്.
സുപ്രീംകോടതി വിധി നടപ്പാക്കാത്തത് സർക്കാരിന്റെ താത്പര്യക്കുറവുമൂലമാണ്. മറ്റു വിധികൾ നടപ്പാക്കുന്ന ആവേശം സഭാ കേസിലുണ്ടായില്ല. പിറവം പള്ളി കൈമാറേണ്ട സന്ദർഭത്തിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മുഴുവൻ പള്ളികളിലും വിധി നടപ്പാക്കുകയെന്ന സാമാന്യമര്യാദ സർക്കാർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, മലങ്കരസഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.