കൊച്ചി: മത്സരിച്ച് പായുന്ന വാഹനങ്ങൾ, സ്റ്റോപ്പിൽ നിറുത്താത്ത ബസുകൾ, ഏതെങ്കിലും ബസിൽ കയറിപ്പറ്റാൻ പരക്കംപായുന്ന കുട്ടികൾ. വൈകിട്ട് 4.30 കഴിഞ്ഞാൽ എറണാകുളം സൗത്ത് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ യുദ്ധമേഖലയാണ്.
കഴിഞ്ഞയാഴ്ച സൗത്ത് ഭാഗത്ത് വച്ച് ബസ് കയറി വിമുക്തഭടൻ മരിച്ചതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. മുമ്പ് ഇതേ സ്ഥലത്ത് വച്ച് സ്കൂളിലെ ഒരു അദ്ധ്യാപകനും രക്ഷിതാവും അപകടത്തിൽപ്പെട്ടിരുന്നു. രൂക്ഷമായ ഗതാഗതകുരുക്കും അതിനിടയിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കുട്ടികളും. സൗത്ത് റെയിൽവെ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, എം.ജി റോഡ് എന്നിവിടങ്ങളിലുള്ള വാഹനങ്ങളും യാത്രക്കാരും എത്തുന്നതോടെ തിരക്ക് ഇരട്ടിക്കും.
സൗത്ത് ജംഗ്ഷനിലൽ സ്ഥിതി
●നഴ്‌സറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന ആയിരത്തിലേറെ വിദ്യാർത്ഥിനികൾ
●ഗതാഗതം നിയന്ത്രിക്കാൻ പലപ്പോഴും ഒരു പൊലിസുകാരൻ പോലുമില്ല
●പൊലിസിന്റെ സേവനം ആവശ്യപ്പെട്ട് പി.ടി.എ പലവട്ടം നിവേദനം നൽകിയെങ്കിലും ഫലമില്ല
●സ്വകാര്യ വിദ്യാലയങ്ങൾക്ക് മുന്നിൽ സേവനം നൽകുന്ന പൊലീസിന് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളോട് നിഷേധസമീപനം
●മുൻ വർഷങ്ങളിൽ പിങ്ക് പൊലീസിന്റെ സേവനമുണ്ടായിരുന്നു. ഇപ്പോൾ വല്ല കാലത്തും വന്നാലായി.
# തോന്നുംപടി സർവീസ്
സൗത്ത് ജംഗ്ഷനിൽ ബസുകൾ തോന്നുംപടി സർവീസാണ്. ഭൂരിഭാഗം ബസുകളും സ്റ്റോപ്പിൽ നിറുത്താറില്ല. സ്‌കൂൾ വിടുന്ന സമയങ്ങളിൽ മെട്രോ തൂണിന് സമീപവും സ്റ്റോപ്പിൽ നിന്ന് ദൂരെ മാറിയുമൊക്കെയാണ് ബസുകൾ നിറുത്തുന്നത്. ചില ബസുകൾ സ്‌കൂൾ കവാടത്തിന് മുന്നിലും നിറുത്തും. നിറുത്താതെ പോകുന്ന ബസുകൾക്ക് പിറകെ ഓടേണ്ട ഗതികേടാണ്. സ്റ്റോപ്പിൽ നിർത്താതെ സ്വകാര്യ ബസുകൾ മുമ്പിലേയ്ക്ക് കയറ്റി നിറുത്തുന്നതും അമിതവേഗതയിൽ മുമ്പോട്ടെടുക്കുന്നതും വശം തെറ്റിച്ച് പായുന്നതും നിത്യസംഭവമാണ്.
# സീബ്രാ ക്രോസിംഗ് പുനസ്ഥാപിക്കണം
രാവിലെയും വൈകിട്ടും ഇവിടെ റോഡ് മുറിച്ച് കടക്കുന്നത് സാഹസിക പ്രവൃത്തിയാണ്. സ്കൂളിന് മുന്നിലെ റോഡിലുണ്ടായിരുന്ന രണ്ട് സീബ്രാ ക്രോസിംഗുകളും ഇപ്പോഴില്ല. ഇത് പുനസ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 8 നും 9.30 നുമിടയിലും വൈകിട്ട് 3 മുതൽ 5 വരെയും പൊലീസിനെ നിയോഗിക്കണം.
ഷിബു .പി.ചാക്കോ, പി.ടി.എ പ്രസിഡന്റ്