പെരുമ്പാവൂർ: മുൻവർഷം ദേശീയ ജൂഡോ ചാമ്പ്യനായിരുന്നു അലീന സാബു. 9 തവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ വർഷവും ജില്ലയിൽ ജൂഡോയിൽ ഒന്നാമതെത്തി. പക്ഷേ, അടുത്ത ഘട്ടം മത്സരത്തിലേക്ക് പോകേണ്ടെന്ന് അലീന തീരുമാനിക്കുമ്പോൾ മനസ്സിൽ മറ്റൊരു സ്വപ്നം മുളച്ചിരുന്നു. ആദ്യമായി മുഖത്ത് ചായം തേയ്ക്കുകയാണ്, അതും ലോകം ആദരിക്കുന്ന ദയാബായിയായി.
തീരുമാനം തെറ്റിയില്ലെന്ന് ഹയർ സെക്കൻഡറി വിഭാാഗം നാടക മത്സരഫലം വന്നപ്പോൾ അദ്ധ്യാപകർക്കും കൂട്ടുകാർക്കും ബോധ്യമായി. മികച്ച നടിയായി അലീന സാബു.
എറണാകുളം സെന്റ് തേരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അലീന പെണ്ണൊരുവൾ എന്ന നാടകത്തിൽ ദയാബായിയെ അവതരിപ്പിച്ചാണ് മികച്ച നടിയായത്. ഈ നാടകം തന്നെയാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയതും.
നാടകത്തിൽ ജില്ലാതലത്തിനപ്പുറം പോകാൻ കഴിയാതിരുന്ന സെന്റ് തേരേസാസ് ഇക്കുറി രണ്ടുംകൽപ്പിച്ച് കുട്ടികളെ തയ്യാറെടുപ്പിക്കുന്നതിനിടെയാണ് അലീനയ്ക്ക് അഭിനയ മോഹമുദിക്കുന്നത്. സംവിധായകൻ വൈശാഖ് അന്തിക്കാട് നടത്തിയ ഓഡിഷനിൽ അലീനയ്ക്ക് തന്നെ നറുക്കുവീണു. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ശബ്ദമുയർത്തിയ ദയാബായിയെ കുറിച്ച് ആദ്യമായി കേൾക്കുകയായിരുന്നു അലീന. യുട്യൂബിൽ ഏറെ വീഡിയോകൾ കണ്ടതിന് ശേഷം നടത്തിയ പകർന്നാട്ടമാണ് അലീനയെ മികച്ച നടി പട്ടം നേടിക്കൊടുത്തത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാസർകോട് പോകുമ്പോൾ ദയാബായിയെ കാണണമെന്നാണ് അലീനയുടെ ആഗ്രഹം. വരാപ്പുഴയിൽ മീൻ കച്ചവടക്കാരനായ ബെന്നിയുടെയും മിനിയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് അലീന.