കോലഞ്ചേരി: മൂന്നു പതിറ്റാണ്ടായി മുടങ്ങി കിടന്ന ശ്മശാന നിർമ്മാണത്തിന് വടയമ്പാടിയിൽ തുടക്കമാകുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയാണിത്.1983 ൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എം.പൈലിപ്പിള്ളയാണ് പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കുന്നതിനായി 30 സെന്റ് സ്ഥലം കണ്ടെത്തിയത്. അന്ന് ചുറ്റുമതി കെട്ടി ഗേറ്റും സ്ഥാപിച്ചിരുന്നു. എന്നാൽ സമീപത്തെ റിയൽ എസ്റ്റേറ്റ് മാഫിയകൾ തുരങ്കം വച്ചതോടെ നിർമ്മാണം നടന്നില്ല. വൻ വിലയ്ക്ക് വാങ്ങി കൂട്ടിയ സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങൾ ശ്മശാനം വന്നാൽ വില്പന നടക്കില്ലെന്നു വന്നതോടെയാണ് സമീപവാസികളെ സമര രംഗത്തേയ്ക്ക് ഇറക്കിയത്. അതോടെ പ്രദേശവാസികളുടെ എതിർപ്പ് മൂലം പദ്ധതി കോടതി വ്യവഹാരങ്ങളാൽ കുടങ്ങിക്കിടക്കുകയായിരുന്നു.മലിനീകരണ പ്രശ്നമുയർത്തിയായിരുന്നു സമരം എന്നാൽ മാർത്തോമ സഭയുടെ ശ്മശാനം സമീപത്തുണ്ടായിരുന്നത് മറച്ചു വച്ചാണ് കോടതിയിൽ കേസുകൾ നടന്നത്.
നിലവിൽ തിരുവാണിയൂർ പഞ്ചായത്തിലും, ഇരുമ്പനത്തും, കാക്കനാടും മാത്രമാണ് സമീപ മേഖലകളിൽ ശ്മശാനമുള്ളത്. വടയമ്പാടിയിൽ വരുന്നതോടെ സമീപ പഞ്ചായത്തുകളായ പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, പുത്തൻകുരിശ്, മഴുവന്നൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകാര പ്രദമാകും.
●50 ലക്ഷം ബി.പി സി. എൽ അനുവദിച്ച രൂപയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.2005 ൽ കെ ചന്ദ്രൻ പിള്ള എം.പി ശ്മശാന നിർമ്മാണത്തിന് 28.6 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാൽ നിർമ്മാണം തുടങ്ങാനായില്ല
● നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
പൂതൃക്ക പഞ്ചായത്തിലെ വടയമ്പാടിയലെ നിർദ്ദിഷ്ട ഭൂമിയിലെ കാട് വെട്ടി തെളിച്ചാണ് പഞ്ചായത്ത് ശ്മശാന നിർമ്മാണത്തിന് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് വിജു നത്തും മോളത്ത്, മെമ്പർമാരായ പോൾ വെട്ടിക്കാടൻ, ജോണി മണിച്ചേരി, എ.സുഭാഷ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സാമുദായിക സംഘടന ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
●പ്രശ്നങ്ങളൊന്നുമില്ല
നിലവിൽ കേസുകളെല്ലാം തീർന്ന് തടസങ്ങളൊന്നുമില്ലാതെയാണ് പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഹൈക്കോടതിയിൽ നിന്ന് പഞ്ചായത്തിനനുകൂലമായ വിധി കിട്ടിയതിനെ തുടർന്ന് കളക്ടർ ഇതിനുള്ള ലൈസൻസ് നൽകുകയും ചെയ്തു.
ഷിജി അജയൻ, പഞ്ചായത്ത് പ്രസിഡന്റ്
●നിർമാണം സ്വാഗതാർഹം
2011 മുതൽ ശ്മശാന നിർമ്മാണത്തിന് സമര രംഗത്തുണ്ട്. മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾക്ക് മുന്നിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഇപ്പോൾ നിർമ്മാണം തുടങ്ങുന്നത് സ്വാഗതാർഹമാണ്.
കെ.ഡി ഹരിദാസ്, കൺവീനർ ശ്മശാന സംരക്ഷണ സമിതി.