ആലുവ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മലേറിയ രക്തപരിശോധനാ ക്യാമ്പിലൂടെ ആലുവ നഗരത്തിലെ അതിഥി തൊഴിലാളി തൊഴിലിടങ്ങൾ സന്ദർശിച്ച് രക്തപരിശോധന നടത്തി. അതിഥി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ മലേറിയ രക്തപരിശോധന നടത്താനുള്ള സൗകര്യമാണ് സഞ്ചരിക്കുന്ന രക്തപരിശോധന ക്യാമ്പിലൂടെ ലഭ്യമാക്കിയത്. കെട്ടിടനിർമ്മാണ സ്ഥലങ്ങൾ, സ്റ്റീൽ ഗോഡൗണുകൾ, സിമന്റ് ഗോഡൗണുകൾ, ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങൾ, പഴവർഗങ്ങളുടെ മൊത്ത വ്യാപാസ്ഥാപനങ്ങൾ, സർവീസ് സെന്ററുകൾ എന്നിവടങ്ങളിൽ ചെന്നാണ് പരിശോധന നടത്തിയത്.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെറോം മൈക്കിൾ, ടിമ്മി, വി. ചന്ദ്രൻ, കൗൺസിലർ എ.സി. സന്തോഷ്‌കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഐ. സിറാജ് എന്നിവർ പങ്കെടുത്തു.