കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി മുഖ്യമന്ത്രി താല്പര്യമെടുത്ത കൊച്ചി കാൻസർ സെന്റർ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഐ.എ.എസുകാരനായ പ്രത്യേക ഓഫീസറായി നിയമിക്കുന്നത് ഉൾപ്പെടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭാ എസ്റ്റിമേറ്റ് സമിതി ശുപാർശ ചെയ്തു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ തികഞ്ഞ അനാസ്ഥ വ്യക്തമാണെന്നും എസ്. ശർമ്മ അദ്ധ്യക്ഷനായ സമിതി സ്ഥലം സന്ദർശിച്ച് തയ്യാറാക്കി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയ്ക്ക് 390 കോടി രൂപ കിഫ്ബി അനുവദിച്ചതിനെ തുടർന്ന് ഒരു വർഷം മുമ്പ് പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചതാണ്. ഇൻകെലിനാണ് നിർമ്മാണ ചുമതല. ചെന്നൈയിലെ പാൻഡ് കൺസ്ട്രക്ഷൻസാണ് കരാർ കമ്പനി. ജില്ലാ കളക്ടറാണ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ.
നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ആദ്യമായി ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. 11 ശതമാനം പണികൾ മാത്രമാണ് ഒരു വർഷത്തിനിടെ ചെയ്തത്. ഇൻകെൽ രണ്ടു തവണ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തുടർന്ന് കരാർ ഒഴിവാക്കുകയും ചെയ്തു. നിർമ്മാണത്തിൽ ഗുണനിലവാരം ഇല്ലാത്തതിനാൽ ചില ഭാഗങ്ങൾ പൊളിയ്ക്കുകയും ചെയ്തു. ആഗസ്റ്റ് നാലിന് അവലോകനയോഗത്തിൽ കരാറുകാർക്ക് മന്ത്രി രണ്ടു മാസത്തെ സാവകാശം നൽകി. രണ്ടാഴ്ച കഴിഞ്ഞ് കളക്ടർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സമിതി ശുപാർശകൾ
●തിരക്കുകളുള്ള കളക്ടർക്ക് (സ്പെഷ്യൽ ഓഫീസർ) പകരം മുഴുവൻ സമയ ഐ.എ.എസ് ഓഫീസറെ നിയമിക്കണം.
●എല്ലാ ആഴ്ചയും അവലോകന യോഗങ്ങൾ ചേരണം
●മോശം പ്രവർത്തനം കാണിക്കുന്ന കരാർ കമ്പനിയെ മാറ്റി വിശ്വാസ്യതയുള്ള കമ്പനിയെ നിർമ്മാണം ഏല്പിക്കണം
●ഡെപ്യൂട്ടേഷനിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്ത ആശുപത്രി സൂപ്രണ്ടിനെ മാറ്റി പുതിയ സൂപ്രണ്ടിനെ നിയമിക്കണം.
●പുതിയ നിയമനങ്ങൾ പബ്ളിക് സർവീസ് കമ്മിഷൻ വഴി നടത്തണം
●ഡെപ്യൂട്ടേഷനിൽ വന്നരെ തിരിച്ചയച്ച് സ്ഥിരനിയമനങ്ങൾ നടത്തണം
● ഉപയോഗിക്കാതെ കിടക്കുന്ന സ്കാനിംഗ് മെഷീൻ, മാമ്മോഗ്രാം എന്നിവ പ്രവർത്തിപ്പിച്ച് കിടത്തി ചികിത്സയ്ക്കും ഓപ്പറേഷനും സൗകര്യങ്ങൾ വിപുലീകരിക്കണം
●റേഡിയേഷൻ ചികിത്സയ്ക്ക് ജനറൽ ആശുപത്രിയിൽ പോകുന്ന രോഗികളുടെ സൗകര്യത്തിയാനി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക
സമിതിയുടെ കണ്ടെത്തലുകൾ
●നിരന്തരമായ സമ്മർദ്ദങ്ങൾക്ക് ശേഷം കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും സൗകര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നില്ല
●ഇരുപത് പേർക്ക് സൗകര്യമുണ്ടെങ്കിലും ആറു പേരെയാണ് കിടത്തി ചികിത്സിക്കുന്നത്
●കാൻസർ സെന്ററിനായി ഓപ്പറേഷൻ തിയേറ്റർ സജ്ജമാണെങ്കിലും ഒരു മേജർ ശസ്ത്രക്രിയ പോലും നടത്തിയിട്ടില്ല
●ഡയറക്ടറും സൂപ്രണ്ടും ഉൾപ്പെടെ മൂന്നു സർജന്മാരും ഗൈനക്കോളജിസ്റ്റും വെറുതെ ഇരിക്കുകയാണ്
●കിടത്തി ചികിത്സയ്ക്ക് കോടി രൂപ അനുവദിച്ചിട്ടുണ്ട്
●ഒരു ആംബുലൻസ് പോലുമില്ലാത്ത കേന്ദ്രത്തിന് ലക്ഷം രൂപ ഓഫീസ് വാഹനത്തിന് മാറ്റിവച്ചത് അത്ഭുതകരമാണ്
ആശങ്കകൾ ശരിവയ്ക്കുന്നു
പൊതുജനങ്ങളും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റും ഉന്നയിച്ച ആശങ്കകൾ മുഴുവൻ ശരിവയ്ക്കുന്നതാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കാൻസർ ചികിത്സാരംഗത്ത് ലോകപ്രശസ്ത സ്ഥാപനമായി കൊച്ചി കാൻസർ സെന്റർ മാറുമെന്നാണ് പ്രത്യാശ.
ഡോ.കെ.എൻ. സനിൽകുമാർ,ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്