കിഴക്കമ്പലം: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാല അധികാരിമൂല പ്രദേശങ്ങളിൽ എലിപ്പനി പടരുന്നു. നാട്ടുകാർ ഭീതിയിൽ കഴിഞ്ഞ ദിവസം പെരിങ്ങാല പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ അൽതാഫ് (52) എലിപ്പനി ബാധിച്ച് മരണപ്പെട്ടതോടെയാണ് ജനങ്ങൾ ആശങ്കയിലായത്. ഇതിനോടകം പെരിങ്ങാല പ്രദേശത്തുള്ള അഞ്ച് പേർക്ക് എലിപ്പനി സംശയിക്കുന്നുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇപ്പോൾ കടുത്ത പനിയുണ്ട്. രക്ത സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. കമാരപുരം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെത്തി നിരവധി ആളുകൾ രക്ത പരിശോധന നടത്തുന്നുണ്ട്. കുടി വെള്ളതിൽ നിന്നും പടർന്നതാണോ എന്നറിയാൻ ആരോഗ്യ വകുപ്പ് മേഖലയിലെ കിണറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എലിപ്പനി ബാധിത മേഖലകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംസ്ക്കാരീക സംഘടന ലീഫ് ചെയർമാൻ നിസ്സാർ ഇബ്രാഹിം അറിയിച്ചു.