പറവൂർ : കഥയും കവിതയും പങ്കുവെച്ച് കുട്ടികൾ പറവൂർ ബാബുവിനെ തേടിയെത്തി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'പ്രതിഭകളെ തേടി ' പദ്ധതിയുടെ ഭാഗമായാണ് പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെ ജീവനക്കാരൻ കൂടിയായ ബാബുവിന്റെ വീട്ടിലെത്തിയത്. കഥകളും കവിതകളും നോവലുകളുമായി സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ ബാബുവുമായി കുട്ടികൾ ഏറെ നേരം സംവദിച്ചു. ബാബുവിന്റെ കഥയിലെ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലങ്ങളെയും ചോദിച്ചറിഞ്ഞ അവർ കഥപറയലും കവിത ചൊല്ലലുമായി മണിക്കൂറുകൾ ചെലവഴിച്ചാണ് പിരിഞ്ഞത്. പ്രധാന അദ്ധ്യാപകൻ കെ.കെ. വേണുഗോപാൽ, അദ്ധ്യാപികമാരായ എം.എൻ. സീമ , നിർമ്മല, എൻ.എം. ഷൈല, ബിനാഷ എന്നിവർ നേതൃത്വം നൽകി.