കിഴക്കമ്പലം: മാലിന്യ സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടിമറ്റം ജയ് ഭാരത് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ നടത്തിയ ഗവേഷണത്തിനും പരിഹാര മാർഗത്തിനും ജില്ലാ കളക്ടറുടെ ആദരം. കോളജ് പ്രിൻസിപ്പൽ ഡോ.നിസാം റഹ്മാൻ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ദീപ്തി രാജ്, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവർക്ക് ജില്ലാ കലക്ടർ എസ്.സുഹാസ് അവാർഡും സർട്ടിഫിക്കറ്റും നല്കി. ബ്രഹ്മപുരം, കുന്നത്തുനാട് മേഖലകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിന്റെ അനന്തര ഫലമായി പ്രദേശവാസികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയും പരിഹാരമാർഗത്തിനായി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. വെയ്സ്റ്റ് ടു എനർജി എന്ന അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകരിച്ച പദ്ധതി സാങ്കേതിക വിദ്യയുടെ ഗുണനിലവാരത്തെപ്പറ്റി ജനങ്ങളിൽ അവബോധമുണത്തുന്ന പരിപാടികളും കോളജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. 30 ഓളം എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, 4 അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ഗവേഷണവും ഇടപെടലുകളും നടത്തിയത്. കലക്ടറേറ്റിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജി.ജെ എക്കോ പവർ ഓപ്പറേഷനൽ പ്രസിഡന്റ് കബിർ ബി.ഹാറൂൺ, അദ്ധ്യാപകരായ കെ.എ ജോണിക്കുട്ടി, പി.വി അനിത മേരി, ശാരി ശങ്കർ എന്നിവർ പങ്കെടുത്തു.