ആലുവ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നതിനുള്ള ലിസ്റ്റ് നഗരസഭ അംഗീകരിച്ചു. 2017 സെപ്തംബർ 25ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകാൻ ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞ ഫെബ്രുവരി 16ന് റെഗുലേറ്ററി കമ്മിറ്റി അദ്ധ്യക്ഷക്ക് ലിസ്റ്റ് സമർപ്പിച്ചിരുന്നു. എന്നാൽ ലിസ്റ്റിൽ അപാകത ആരോപിച്ച് ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി. മാസങ്ങളായിട്ടും തീരുമാനം ആകാതെ വന്നപ്പോൾ നേതാക്കന്മാർക്കെതിരെ തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഈ മാസം 16ന് പൊലീസ് നൽകിയ ലിസ്റ്റിന് നഗരസഭ ചെയർപേഴ്സൺ അംഗീകാരം നൽകിയത്.