helth-centre-cittattukara
ചിറ്റാറ്റുകര പ്രൈമറി ഹെൽത്ത് സെന്റർ

# ആർദ്രം പദ്ധതി നീളുന്നു # നിലവിലുണ്ടായിരുന്ന സൗകര്യങ്ങളും കുറഞ്ഞു

പറവൂർ : ചിറ്റാറ്റുകര പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന സർക്കാർ പ്രഖ്യാപനം നീളുന്നതിനാൽ രോഗികൾ വലയുന്നു. ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭയ കേന്ദ്രമാണിത്.

1986 മേയിൽ പ്രൈമറി ഹെൽത്ത് സെന്റർ ആരംഭിച്ചപ്പോൾ 24 ബെഡുകളുണ്ടായിരുന്നു. ജീവനക്കാരുടെ അഭാവം മൂലം ഇടക്കിടെ മുടങ്ങിയാണെങ്കിലും കിടത്തി ചികിത്സയും നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കിടത്തിചികിത്സ അവസാനിപ്പിച്ചു. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കെട്ടിടങ്ങളുടെ നിർമ്മാണമോ പുനക്രമീകരണമോ ഡോക്ടറെയും മറ്റുജീവനക്കാരെയും നിയമിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ചികിത്സ. ആർദ്രം പദ്ധതി നടപ്പായാൽ വൈകിട്ട് ആറുവരെ ചികിത്സ ലഭ്യമാകും.

ആർദ്രം പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയുടെ ഒപ്പു ശേഖരണത്തിന്റെ ഉദ്‌ഘാടനം നാളെ (ശനി ) വൈകിട്ട് അഞ്ചിന് നീണ്ടൂർ ജുമാ മസ്ജിദിന് സമീപം നടക്കും. ഇതേ ആവശ്യമുന്നയിച്ച് മുസ്‌ലിം ലീഗ് സമരത്തിന് ഒരുങ്ങുകയാണെന്ന് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കെ. അബ്ദുള്ള, ജനറൽ സെക്രട്ടറി പി.എം. ബഷീർ എന്നിവർ പറഞ്ഞു.