ആലുവ: നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. നഗരസഭാ പരിധിയിൽ വരുന്ന വാർഡുകളിൽ കുടിവെള്ളം നിരന്തരമായി തടസപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ ടാങ്കർ ലോറികൾ വഴി കുടിവെള്ളം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വാട്ടർ അതോറിറ്റി അധികാരികളുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകിയത്. ഭൂഗർഭ വൈദ്യുതി വിതരണശൃംഖല സ്ഥാപിക്കുന്നതിനിടെ പൊട്ടുന്ന കുടിവെള്ള പൈപ്പുകൾ വാട്ടർ അതോറിറ്റി യുദ്ധകാലടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു. ലോലിത ശിവദാസൻ, ഓമന ഹരി, പി.സി. ആന്റണി, ശ്യാം പത്മനാഭൻ, ഷൈജി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെയർപേഴ്‌സനെ കണ്ടത്.
അതേസമയം കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടയിൽ ഗ്രാൻഡ് കവലയിൽ നിന്ന് മിനി സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡിലെ പൈപ്പ് ബുധനാഴ്ച രാത്രി വലിയതോതിൽ പൊട്ടി. വാട്ടർ അതോറിറ്റി പൈപ്പ് നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.