അങ്കമാലി.അങ്കമാലി ബൈപ്പാസിന് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനാവശ്യമായ തുക
കിഫ്ബി വഴി അനുവദിക്കാമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ ഉറപ്പ് നൽകിയതായി റോജി എം. ജോൺഎം.എൽ.എ അറിയിച്ചു.. കരയാംപറമ്പ് മുതൽ അങ്കമാലി റെയിൽവെ സ്റ്റേഷൻ വരെ 3.115 കിലോമീറ്റർ ബൈപ്പാസ് മണ്ണിട്ട് നികത്തി പണിയുവാനായിരുന്നു കിഫ്ബി 190 കോടി രൂപ അനുവദിച്ചത്. എന്നാൽ പാരിസ്ഥിതിക പ്രശ്‌നവും, വെള്ളപ്പൊക്കവും ചൂണ്ടിക്കാട്ടി ഇതിൽ മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട 1.795 കിലോമീറ്റർ എലിവേറ്റഡ് ആയി പണിയണമെന്ന് എം.എൽ.എ കിഫ്ബിയോട് ആവശ്യപ്പെട്ടു. ഇതിന്റെഅടിസ്ഥാനത്തിൽ കിഫ്ബിയുടെ സാങ്കേതിക വിഭാഗം പദ്ധതി പ്രദേശം സന്ദർശിക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെഅളവ് കണക്കാക്കി അതിനനുസ്യതമായ മാറ്റങ്ങൾ ബൈപ്പാസിൻറെ രൂപരേഖയിലും എസ്റ്റിമേറ്റിലും വരുത്തുവാൻ റോഡ്‌സ് & ബ്രിഡ്ജസ് ഡെവലപ്പ്‌മെൻറ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ)ന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റ് ഉടൻ ലഭ്യമാകുമെന്നും, ഇത് അടുത്ത കിഫ്ബി ബോർഡിൽ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി റോജി എം. ജോൺ എം.എൽ.എ കൂട്ടിച്ചേർത്തു.
പ്രളയം കണക്കിലെടുത്ത് ബൈപാസിന്റെ രൂപരേഖയിൽ മാറ്റം
ആദ്യം അനുവദിച്ചത് 190 കോടി രൂപ