ആദ്യഘട്ടത്തിൽ സർവേ 27 ഡിവിഷനുകളിൽ

ജനുവരി ഒന്നിന് ആരംഭിക്കുന്ന വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് മുന്നോടിയായി സർവേ നടപടികൾ ആരംഭിച്ചു.

അഞ്ച് പ്രധാന കനാലുകളിൽ ജലമൊഴുക്ക് തടസപ്പെടുന്നിനുള്ള കാരണം കണ്ടെത്തുന്നിന് വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എൻജിനീയർമാരെയും നിയോഗിച്ചു. തടസങ്ങൾ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ആവശ്യമായി വരുന്ന ചെലവും നിർദേശിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാന കനാലുകളിലെ തടസങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുന്നതിന്റെ ചുമതല വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എൻജിനീയർമാർക്കാണ്. മേൽനോട്ടത്തിന് വിവിധ വകുപ്പുകളുടെ എക്‌സിക്യുട്ടീവ് എൻജിനീയർമാർ ഉൾപ്പെട്ട സാങ്കേതിക കമ്മിറ്റിയും രൂപീകരിച്ചു. ഒരു കോടി രൂപയ്ക്കുള്ളിൽ വരുന്ന ജോലികളുടെ എസ്റ്റിമേറ്റുകൾ പരിശോധിച്ച് അംഗീകരിക്കേണ്ടത് സാങ്കേതിക കമ്മിറ്റിയാണ്. ഇതിന് മുകളിൽ വരുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കണം. ഡിസംബർ രണ്ടിനകം കമ്മിറ്റി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രവർത്തനങ്ങളുടെ ക്വാളിറ്റി ഓഡിറ്ററായി പ്രവർത്തിക്കും. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.