കൊച്ചി : ഇടുക്കി ജില്ലയിലെ മ്ളാമലയിൽ പ്രളയ ദുരന്തത്തിനു ശേഷം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാർത്ഥികൾ എഴുതിയ കത്ത് സ്വമേധയാ ഹർജിയായി പരിഗണിച്ച ഹൈക്കോടതി ഇടുക്കി ജില്ലാ പഞ്ചായത്തിനും വണ്ടിപ്പെരിയാർ പഞ്ചായത്തിനും നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. മ്ളാമല സെന്റ് ഫാത്തിമ സ്കൂളിലെ കുട്ടികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് എ.എം. ഷെഫീഖിനും എഴുതിയ കത്താണ് ഹൈക്കോടതി ഹർജിയായി പരിഗണിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ മ്ളാമലയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ശാന്തിപ്പാലവും നൂറടിപ്പാലവും തകർന്നെന്നും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനാൽ ജനങ്ങളും വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണെന്നും കത്തിൽ പറഞ്ഞിരുന്നു. അടിയന്തര ചികിത്സയക്ക് 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും കത്തിലുണ്ട്.