-kerala-high-court

കൊച്ചി: പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊലീസ് മടി കാണിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. 15 സീറ്റുള്ള വാഹനങ്ങൾ വരെ പമ്പയിലേക്ക് കടത്തിവിടാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവുണ്ടായിട്ടും വാഹനങ്ങൾ പൊലീസ് തടഞ്ഞതു ശ്രദ്ധയിൽപ്പെട്ടെന്നും അതിനാലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഇന്നലെ ദേവസ്വം ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ചെറു വാഹനങ്ങൾ കടത്തിവിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും അറിയിച്ചിട്ടുണ്ടെന്നിരിക്കെ പൊലീസിനെന്താണ് ഇക്കാര്യത്തിൽ എതിർപ്പ് ? വിധി നടപ്പാക്കേണ്ടത് എങ്ങനെയാണെന്ന് കോടതിക്ക് നന്നായി അറിയാം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.

ചെറു വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്നു പരാതികൾ ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും സർക്കാർ അഭിഭാഷക വ്യക്തമാക്കി. തുടർന്ന് ഇത്തരത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്ന് ഉച്ചയ്ക്കുശേഷം സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ ഗൗരവത്തിലെടുക്കുമെന്ന്‌ ഹൈക്കോടതി മുന്നറിയിപ്പും നൽകി.