vishnu

കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തെറ്റി കയറുന്നതിനിടെ വീണ സൈനികൻ മരിച്ചു. ഉത്തരേന്ത്യയിലേയ്ക്കുള്ള ട്രെയിനാണെന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്‌പ്രസിൽ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിലേയ്ക്ക് വീഴുകയായിരുന്നു.
കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കൽ പെരുവേലിക്കര കരിങ്ങോട്ട് തെക്കതിൽ വിഷ്ണു (26) വാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ സൗത്ത് സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. കരസേനയിൽ റാഞ്ചിയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിഷ്ണു അമ്മാവന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അവധിയ്ക്കെത്തിയത്.റാഞ്ചിയിലേയ്ക്ക് മടങ്ങാൻ എറണാകുളത്ത് നിന്ന് പ്രതിവാര എക്‌സ്‌പ്രസ് ട്രെയിനിൽ വഞ്ചിനാട് എക്‌സ്‌പ്രസിൽ സൗത്തിൽ എത്തിയത്. പ്ലാറ്റ്‌ഫോമിലിരുന്നു മയങ്ങുന്നതിനിടെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസ് പ്രതിവാര എക്‌സ്‌പ്രസാണെന്നു തെറ്റിദ്ധരിച്ചു ചാടിക്കയറുകയായിരുന്നു. പിടിവിട്ട് പാളത്തിലേയ്ക്ക് വീണ വിഷ്ണുവിനെ ആർ.പി.എഫും റെയിൽവെ പൊലീസും ചേർന്നു എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.രണ്ടരമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: ഐശ്വര്യ. പിതാവ്: രഘു. മാതാവ്:വിമല. വിശാഖ് സഹോദരൻ .