കൊച്ചി : ഇൻഷ്വറൻസ് എടുക്കുന്നതിന് മുമ്പ് രോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി കിഴക്കമ്പലം സ്വദേശി സാജു ജോസഫിന്റെ 11കാരനായ മകന് മെഡിക്കൽ ക്ളെയിം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാച്ചെലവായ 41,414 രൂപ 12 ശതമാനം പലിശ സഹിതവും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. 10,000 രൂപ കോടതിച്ചെലവായും നൽകണം.
മകന്റെ ചികിത്സയ്ക്കു ചെലവായ പണം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണൽ ഇൻഷ്വറൻസ് കമ്പനി എറണാകുളം ഡിവിഷണൽ മാനേജർ, ഇൻഷ്വറൻസ് തേഡ് പാർട്ടി കമ്പനി വിഡാൽ ഹെൽത്ത് ഡിവിഷൻ മാനേജർ തുടങ്ങിയവരെ എതിർ കക്ഷികളാക്കി സാജു നൽകിയ ഹർജിയിലാണ് വിധി. ശ്വാസം മുട്ടലുള്ള കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സാച്ചെലവിനത്തിൽ 41,414 രൂപ അടച്ചു. ഇൻഷ്വറൻസ് എടുക്കുന്നതിനു മുമ്പ് കുട്ടിക്ക് ഇൗ രോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി ക്ളെയിം നിരസിച്ചു. സ്വകാര്യ ആശുപത്രി നൽകിയ ഹെൽത്ത് റിപ്പോർട്ടും ഉപഭോക്തൃ ഫോറത്തിൽ നൽകി. റിപ്പോർട്ടിൽ സംശയം തോന്നിയ ഫോറം ചെയർമാനോട് ,കുട്ടിക്ക് അഞ്ചു വയസുമുതൽ ഇൗ രോഗമുണ്ടെന്ന് പിതാവ് പറഞ്ഞതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയെങ്കിലും ഇതു തെളിയിക്കാൻ കഴിഞ്ഞില്ല.