കോലഞ്ചേരി: തലശേരി താലൂക്ക് ഓഫീസിലെ സീനിയർ ക്ളാർക്ക് അരുൺ തഥാഗതിന് ഒരു ബോധോദയമുണ്ടായി. ലോകം ചുറ്റണം. വൈകിയില്ല. രണ്ടര ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. ശമ്പളമില്ലാത്ത അവധിയും. സൈക്കിളിൽ പുറപ്പെട്ടു. നാലായിരം കിലോമീറ്റർ പിന്നിട്ട് നാഗാലാൻഡ്, മണിപ്പൂർ വഴി ഇപ്പോൾ മ്യാൻമാറിലെത്തി. അവിടെ ബുദ്ധ മഠങ്ങളിലാണ് താമസം. ഇനി തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, വിയറ്റ്നാം, ലാവോസ്...മ്യാൻമറിൽ തന്നെ മടങ്ങിയെത്തും. പിന്നെ മണിപ്പൂർ, ഒഡീഷ, വിശാഖപട്ടണം, ചെന്നൈ വഴി കൊച്ചിയിലേക്ക്.
അമ്പലമുകളിലെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് മാസം രണ്ടായി. ഈ ഏകാന്ത സഞ്ചാരി നാട്ടിലെത്താൻ ആറു മാസം കൂടി എടുത്തേക്കാം. തീയതിയും സ്ഥലവുമൊന്നും മുൻകൂട്ടി നിശ്ചയിച്ചല്ല യാത്ര. സഞ്ചാരികളായ വിദേശികളുടെ നിർദ്ദേശങ്ങളും വീഡിയോകളും മാത്രമാണ് വഴികാട്ടി.
അസൗകര്യങ്ങളുടെ ധാരാളിത്തമാണ് യാത്രികന്റെ സമ്പത്തെന്നാണ് അരുണിന്റെ പോളിസി. ആറു രാജ്യങ്ങളിലെ കറൻസി ട്രാവൽ കാർഡുണ്ട്. ആവശ്യത്തിനുള്ള പണം നാട്ടിൽ നിന്ന് ട്രാൻസ്‌ഫർ ചെയ്യിക്കും. ദിവസം 50 കിലോ മീറ്റർ പിന്നിടും. വഴിയിൽ ഭക്ഷണം ജ്യൂസും പഴങ്ങളും മാത്രം.
സൈക്കിളാണ് തോഴൻ
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത രണ്ടു ലക്ഷം രൂപയുടെ സർലി ഡിസ്‌ക്ക് ട്രക്കർ സൈക്കിളിലാണ് യാത്രകൾ.
പഞ്ചാബും കാശ്‌മീരുമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളം മുഴുവൻ സൈക്കിളിൽ കറങ്ങിയിട്ടുണ്ട്.
അരുൺ തഥാഗത്
തൃപ്പൂണിത്തുറയ്ക്കടുത്ത് അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഏകാന്തജീവിതം നയിക്കുന്ന അരുൺ. 40 വയസ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരി. ഗൗതമബുദ്ധനോടുള്ള ആരാധനയിൽ പേരിനൊപ്പം തഥാഗത് എന്ന് ചേർത്തു. പരിസ്ഥിതി സൗഹൃദ ഗൃഹനിർമ്മാണം ഇഷ്‌ടമേഖല. ഒന്നര ലക്ഷം രൂപ ചെലവിൽ 10 ദിവസം കൊണ്ട് നിർമ്മിച്ച അരുണിന്റെ മൂന്നുനില മുളവീട് പ്രശസ്തമാണ്. സുഹൃത്തുക്കളുമൊത്ത് ആറ് ഏക്കറോളം ജൈവ നെൽകൃഷിയുമുണ്ട്.
''നമ്മളെ നിരന്തരം മാറ്റിമറിക്കുന്ന യാത്രകളാണ് ജീവിതം. അത്തരം അനുഭവങ്ങൾക്കുവേണ്ടിയാണ് ഏകാന്ത യാത്രകൾ''
--അരുൺ തഥാഗത്