തിരുമാറാടി: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽപ്പെടുത്തി തിരുമാറാടി ഗ്രാമപഞ്ചായത്തിലെ കുറ്റത്തിനാൽ കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അടിസ്ഥാനസൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതും മുപ്പതിലധികം പട്ടികജാതി കുടുംബങ്ങൾ സ്ഥിരതാമസമുള്ളതും, വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ കോളനികളെയാണ് തിരഞ്ഞെടുത്തത്. വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .കുടിവെള്ള പദ്ധതി ,വേസ്റ്റ് മാനേജ്മെന്റ് ഇന്റേണൽ റോഡ്, വൈദ്യുതീകരണം , കോളനി റോഡുകളുടെയും, കോളനിയിലെ മണ്ണിടിച്ചിൽ/ മണ്ണൊലിപ്പ് സാധ്യതയുള്ള ഭാഗങ്ങളുടെയും സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, സ്ഥല ലഭ്യത അനുസരിച്ച് കളി സ്ഥലങ്ങളുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും നിർമ്മാണം ഭവന പുനരുദ്ധാരണം ,കോളനിയിലെ ശ്മശാനത്തിന്റെ നവീകരണവും, നിർമ്മാണവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. 50 ലക്ഷം രൂപ വരെ ചെലവ് വരുന്ന പ്രവർത്തികൾ നടപ്പിലാക്കാവുന്നതാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ കോളനിയുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.