crime

കൊച്ചി: ആദ്യം പരസ്യം നൽകും.. പിന്നെ വാചക കസർത്തിൽ വീഴ്ത്തി പീഡിപ്പിക്കും. യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നിലമ്പൂർ സ്വദേശി അയൂബ് (35) ​സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിരുന്നത് ഇങ്ങനെയാണെന്ന് പൊലീസ് പറയുന്നു. പീ‌ഡനത്തിന് ഇരയായ കോട്ടയം സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് അയൂബ് ഇന്റർവ്യുവിന്റെ മറവിൽ നടത്തിവന്ന പീഡനകഥകൾ പുറത്തായത്. കൊച്ചിയിൽ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി നൽകാമെന്നു പറഞ്ഞാണ് യുവതിയെ ഇന്റർവ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്. ശേഷം പീഡിപ്പിക്കുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

പരസ്യം തുറുപ്പ് ചീട്ട്

പ്രമുഖ ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. ഉയർന്ന ശമ്പളം. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ... ഇങ്ങനെ അയൂബ് പരസ്യം നൽകും. ഇതുകണ്ട് വിളിക്കുന്ന സ്ത്രീകളെ പ്രായം നോക്കും. ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യവും പ്രായം നാൽപ്പതോടടുത്തുമാണെങ്കിൽ തിരികെ വിളിച്ച് അയൂബ് ഇന്റർവ്യുവിന് ഹാജരാകാൻ ആവശ്യപ്പെടും. ജോലിയെ സംബന്ധിച്ചെല്ലാം ഈ വിളിയിൽ പറയും. ഇതോടൊപ്പം കൂടുതൽ വീട്ടുകാര്യങ്ങളും അന്വേഷിക്കും. എന്നാൽ, ഇന്റർവ്യൂ തീയതി അറിയിക്കില്ല. ഇന്റർവ്യൂ തിയതി അറിയിച്ചാണ് അയൂബിന്റെ അടുത്ത ഫോൺകാൾ. ഈ ഫോൺവിളിയിൽ ശമ്പളമടക്കം മോഹന വാഗ്ദാനങ്ങളും നൽകും. ഇങ്ങനെ ഇന്റർവ്യൂ വരെ വിളി തുടരും. കെണിയിൽ വീഴുമെന്ന് ഉറപ്പായാൽ മാത്രമേ, നെടുമ്പാശേരിയിലെ മുന്തിയ ഹോട്ടലിൽ എത്താൻ ആവശ്യപ്പെടുകയുള്ളൂ.

ഇങ്ങനെ എത്തിയ യുവതിയാണ് കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായത്. നിരവധിപേർ അയൂബിന്റെ ഇരയായിട്ടുണ്ടെന്നും അപമാനം ഭയന്നാണ് ആരും പരാതിയുമായി വരാത്തതെന്നുമാണ് പൊലീസ് പറയുന്നത്. പിടികൂടുമ്പോൾ അയൂബിന്റെ ഫോണിൽ നിന്ന് നിരവധി വീട്ടമ്മമാരുടെ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇതെല്ലാം ഇയാൾ കെണിയിൽ വീഴ്ത്തിയ സ്ത്രീകളുടേതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണിൽ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
മുന്തിയ ഹോട്ടലുകളിൽ താമസം
റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് അയൂബ്. നെടുമ്പാശേരിയിലും സമീപ പ്രദേശങ്ങളിലെ പല സ്ഥലങ്ങളുടെയും വില്പനയ്ക്ക് ഇയാൾ ഇടനിലക്കാരനായിട്ടുണ്ട്. എന്നാൽ,​ വസ്തുക്കച്ചവടം ഇടിഞ്ഞതോടെ മലപ്പുറത്തുള്ള പ്രവാസികൾക്ക് കൊച്ചിയിൽ വിൽക്കാനുള്ള സ്ഥലങ്ങൾ കാട്ടി കമ്മിഷൻ തട്ടുകയായിരുന്നു അയൂബ് ചെയ്തിരുന്നത്. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. വലിയ പണക്കാരനെന്ന വ്യാജേനയാണ് മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്തിരുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിളിച്ചുവരുത്തുന്നതും ഇയാൾ പതിവാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.