പെരുമ്പാവൂർ: പെരുമ്പാവൂരിലെ കലോത്സവനഗരിയിലും കണ്ണീരായി മാറി ബത്തേരിയിലെ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച ഷഹ്‌ല ഷെറിൻ. ഇന്നലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു ഷഹ്‌ലയുടെ ദാരുണാന്ത്യം. കലോത്സവ നഗരിയിലെ വർണ്ണക്കാഴ്ചകൾക്കിടയിലും അവൾക്കായി പ്രാർത്ഥിക്കാൻ അവർ സമയം കണ്ടെത്തി. എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ പെരുമ്പാവൂർ ജി.ജി..എച്ച്.എസ്.എസിനു മുമ്പിലാണ് അധ്യാപകരും വിദ്യാർഥികളും സാംസ്‌കാരിക പ്രവർത്തകരും ചേർന്നു വിദ്യാർഥിനിയെ അനുസ്മരിച്ചത്. ഷഹ്‌ലയുടെ ചിത്രങ്ങളും ദുരന്തവാർത്തകളടങ്ങിയ പത്രത്താളുകളും ആലേഖനം ചെയ്ത ബോർഡിനു മുമ്പിൽ അധ്യാപകരും വിദ്യാർഥികളും മെഴുകുതിരി തെളിയിച്ചു പ്രണാമമർപ്പിച്ചു.
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.പി.എസ്.ടി.എ) നേതൃത്വത്തിൽ സംഘടിച്ച പരിപാടി നഗരസഭ പ്രതിപക്ഷനേതാവ് ബിജു ജോൺ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ടി.ഐസക് അധ്യക്ഷത വഹിച്ചു. ഷഹ്‌ലയെക്കുറിച്ചു തയാറാക്കിയ കവിത ചൊല്ലി എഴുത്തുകാരനും കാലടി പള്ളി വികാരിയുമായ ഫാ. ജോൺ പുതുവയും നാടകകൃത്ത് ശ്രീമൂലനഗരം മോഹനും സന്ദേശം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി. ബേബി, സംസ്ഥാന കമ്മിറ്റി അംഗം അജിമോൻ പൗലോസ്, സി.വി. വിജയൻ, വി.കെ. പ്രശാന്ത്, ബാലകൃഷ്ണൻ കതിരൂർ, എൻ.എക്‌സ്. അൻസലാം എന്നിവർ നേതൃത്വം നൽകി.