പെരുമ്പാവൂർ: കലോത്സവ വേദിയിൽ ഹൈസ്കൂൾ പൂരക്കളി മത്സരത്തിൽ പള്ളുരുത്തി സെന്റ് ഡൊമനിക് സ്കൂളിന്റെ പെരുമ ഉയർന്നിട്ട് ഇത് പതിനാലാം വർഷം. കടുകട്ടി എതിരാളികൾ ഉണ്ടായിട്ടും പൂരക്കളിയിൽ ജില്ലയെ പ്രതിനിധീകരിക്കാൻ സംസ്ഥാനത്തേക്ക് ഈ വർഷവും പള്ളുരുത്തിയിലെ പൂരപ്പുലിക്കുട്ടികൾ തന്നെ പോകും.
14 വർഷത്തിനിടെ മൂന്ന് തവണ ഉപജില്ലാ കലോത്സവത്തിൽ സ്കൂളിലെ കുട്ടികൾ പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ അപ്പീൽ വാങ്ങി ജില്ലയിൽ എത്തുമ്പോൾ ഒന്നാംസ്ഥാനം ഇവർ തന്നെ നേടും. ജൂലായിൽ തന്നെ പരിശീലനം തുടങ്ങുന്ന കുട്ടികൾ വിജയം കൊയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കാസർകോടുള്ള തമ്പാൻ മാഷാണ് വർഷങ്ങളായി പൂരക്കളിയാശാൻ. ഒമ്പതാംക്ളാസിലെയും പത്താംക്ളാസിലെയും പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളാണ് പൂരക്കളിക്കാരും. മുഴുവൻ എ പ്ളസ് ഏതെങ്കിലും കാരണവശാൽ കൈവിട്ടു പോയാൽ ഇവരെ സഹായിക്കുന്നത് പൂരക്കളിയിലെ ഗ്രേസ് മാർക്കാണ്. പത്താംക്ളാസിലെ ചേട്ടന്മാർ പോയാലും പരിശീലനം നേടിയവർ ഉണ്ടാകാൻ വേണ്ടിയാണ് 9ാം ക്ളാസിലെ കുട്ടികൾക്ക് അവസരം നൽകുന്നത്. ആദർശ്, ഫെബി ഫ്രാൻസിസ്, ജോഹിത്ത്, രോഹിത്ത്, ആദം, അഭിനവ്, ഫാജിൽ, അതുൽ മോറിസ്, അഖിൽ, ആന്റണി ജോസഫ്, ഫാബിയസ്, മക്കാർത്ത് എന്നിവരാണ് ഇത്തവണ പൂരക്കളി സമ്മാനം സ്കൂളിലേക്ക് കൊണ്ടുവന്നവർ.