പെരുമ്പാവൂർ: കുമ്മനോടിന് അഭിമാനമായി സി.സി യും കുട്ട്യോളും യു.പി നാടകത്തിൽ ഒന്നാമതെത്തി. എം.മുകുന്ദന്റെ തട്ടാത്തി പെണ്ണിന്റെ കല്ല്യാണം എന്ന ചെറുകഥയെ ആസ്പദമാക്കി ചേലക്കുളം സ്വദേശിയും പ്രമുഖ നാടക പ്രവർത്തകനുമായ സി.സി കുഞ്ഞുമുഹമ്മദ് എഴുതി സംവിധാനം ചെയ്ത 'പൊന്ന് ' എന്ന നാടകമാണ് എ ഗ്രേഡോടെ ഒന്നാമതെത്തിയത്. കുമ്മനോട് ഗവ.യു.പി സ്കൂളിലെ പത്ത് വിദ്യാർത്ഥികൾ അരങ്ങിലെത്തി. ഏഴു പേർ സ്റ്റേജിലും മൂന്ന് പേർ പിന്നണിയിലും പ്രവർത്തിച്ചു. ഒരു മാസം കൊണ്ടാണ് നാടകം എന്തെന്നറിയാത്ത കുട്ടികളെ മികച്ച പരിശീലനം നൽകി സ്റ്റേജിലെത്തിച്ചത്. തട്ടാനായി ടി.എൻ ആദിത്യനും, തട്ടാത്തിയായി മെഹറിനും,മൂപ്പത്തിയായി വന്ന ദേവനന്ദയും പ്രേക്ഷകരുടെ മികച്ച പ്രശംസ പിടിച്ചു പറ്റി. ഇവരെ കൂടാതെ സ്റ്റെഫിൻ മോൻ,മുഹമ്മദ് ഹാരിസ്, ഗോപിക സന്തോഷ്, ഐഷ ബീവി,ജീന ഫാത്തിമ,സജ്ന,സിൽജോ ബെന്നി എന്നിവരും വേഷമിട്ടു. നാളെയുടെ വാഗ്ദനങ്ങളാണ് കുട്ടികളെന്നും അവരുടെ അഭിനയത്തെ കീറി മുറിക്കാനില്ലെന്നുമാണ് വിധി കർത്താക്കൾ നാടകത്തെ കുറിച്ച് പറഞ്ഞത്. സർക്കാർ സ്കൂളിന്റെ പരിമിതികളിൽ നിന്ന് മറ്റ് വമ്പൻ സ്കൂളുകളോട് പൊരുതിയാണ് കുമ്മനോട് നേട്ടത്തിലെത്തിയത്. കലോത്സവ വേദികളിൽ നാടകത്തിനു ഭാരിച്ച ചിലവു വരുന്നതിനാൽ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്നത് കുറവാണ്. എന്നാൽ അതിനെ മറി കടന്ന കുമ്മനോടിന്റെ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയായി.