sai-pallavi

പ്രേമത്തിലെ മലർ മിസിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളി പ്രേക്ഷകർക്കാവില്ല. തമിഴ് കലർന്ന മലയാളവുമായെത്തിയ മലർ മിസിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയിൽ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് പ്രേമത്തിലെ മലർ മിസായ സായ് പല്ലവി മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ നായികയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. തമിഴിലും തെലുങ്കിലുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്.
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിൽത്തന്നെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു.

സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ സ്വന്തം നിലപാടുകൾ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താത്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനാൽതന്നെ താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കിൽ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. എന്നാൽ, വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു താരം മുന്നേറിയത്. നേരത്തെ 2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചിരുന്നുവെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാൽ, ഇപ്പോഴിതാ, ഒരു കോടി രൂപയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തി. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാൻഡിന്റെ മോഡലാവുന്നതിനാണ് താരത്തെ ബന്ധപ്പെട്ടവർ സമീപിച്ചത്. എന്നാൽ, തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഈ ഓഫർ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയിൽ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാൻ താനുദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.