പെരുമ്പാവൂർ: മേള കലാകാരൻ കൂടിയായ നടൻ ജയറാമിന്റെ നാടാണ് പെരുമ്പാവൂർ. ആ പേരിന് ഒട്ടും കോട്ടം തട്ടാതെയായിരുന്നു ഇന്നലെ കലോത്സവ നഗരിയിലെ മേള മത്സരങ്ങൾ. ശബരിമല ഇടത്താവളമായ പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രത്തിന് ചേർന്നുള്ള സമൂഹം ഹാളിലായിരുന്നു ചെണ്ട-തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദളം തുടങ്ങിയവയുടെ മത്സരങ്ങൾ. തായമ്പകയും പഞ്ചവാദ്യവുമുയർന്നപ്പോൾ ക്ഷേത്രദർശനത്തിനെത്തിയവരും നാട്ടുകാരും അതിലലിഞ്ഞു. താളപൊലിമ പകർന്ന തായമ്പകയും ചെണ്ടമേളവും അപൂർവമായ 'ചമ്പ'യും പെരുമ്പാവൂരിന് സമ്മാനിച്ചത് ഉത്സവ പ്രതീതി. തായമ്പകയിൽ മോറയ്ക്കാല സെന്റ് മേരീസിലെ നന്ദന മനോജ് മാത്രമായിരുന്നു പെൺകുട്ടിയായിട്ടുണ്ടായിരുന്നത്. ചെണ്ടമേളത്തിൽ പെൺകുട്ടികളുടെ രണ്ട് ടീമുകളുണ്ടായിരുന്നു.