വൈപ്പിൻ: ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി. വിശദമായ പ്രൊപ്പോസലും എസ്റ്റിമേറ്റും നാഷണൽ ഹൈവേ അതോറിറ്റി കൊച്ചി ആഫീസിൽ നിന്നും ഡൽഹിയിലേക്ക് അയച്ചിട്ടുണ്ടെന്നും എം.പി. പറഞ്ഞു. അനേകം കണ്ടെയ്‌നറുകളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ വൈപ്പിൻ, കളമശേരി, ഏലൂർ, കടമക്കുടി, ചേരാനെല്ലൂർ ഭാഗങ്ങളിൽ നിന്നെല്ലാം കൊച്ചി നഗരത്തിലേക്ക് ഇതു വഴിപോകുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം അപകടങ്ങളും പെരുകുകയാണ്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും കൂടി വരികയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു.