ഹർജി ഡിസംബർ 9 പരിഗണിക്കും

കൊച്ചി: കോന്തുരുത്തി പുഴയുടെ പ്രതാപം തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഇടപെടുന്നു. പുഴയിലെ കൈയേറ്റം ഒഴിപ്പിക്കാൻ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി സർക്കാരും കൊച്ചി നഗരസഭയും വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 48 മീറ്റർ വീതിയിൽ വിശാലമായി ഒഴുകിയ പുഴയിലെ കൈയേറ്റം ഒഴിപ്പിച്ച് പൂർവ സ്ഥിതിയിലാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കോന്തുരുത്തി സ്വദേശിയായ കെ.ജെ. ടോമി നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടയുള്ള ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. പുഴയുടെ അതിരുകളെല്ലാം അടയാളപ്പെടുത്തിയശേഷം പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്യാൻ തീരുമാനിച്ചെന്നും നഗരസഭ ഇവരുടെ പുനരധിവാസത്തിനായി പദ്ധതിയുണ്ടാക്കുകയോ ഭൂമിക്കു വേണ്ടി സർക്കാരിനെ സമീപിക്കുകയോ വേണമെന്നും കളക്ടറുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നു.

 കളക്ടറുടെ സ്റ്റേറ്റ്മെന്റിൽ നിന്ന്

48 മീറ്റർ വീതിയുള്ള കോന്തുരുത്തി പുഴയിലൂടെ ഒരുകാലത്ത് വള്ളങ്ങളിൽ ചരക്കു നീക്കം നടന്നിരുന്നു

178 കുടുംബങ്ങൾ പുഴ കൈയേറിയതോടെ വീതി കുറഞ്ഞു

2012 ൽ രണ്ടു കി.മീ ദൂരം പുഴയുടെ അതിർത്തികൾ അടയാളപ്പെടുത്തിയിരുന്നു

29 മീറ്റർ വരെ വീതി പുനസ്ഥാപിക്കാനാവുമെന്ന് ഇറിഗേഷൻ വകുപ്പ് പറയുന്നു

 മിണ്ടാട്ടമില്ലാത്തൊരു പഴയ കേസ്

കോന്തുരുത്തി പുഴയിലെ കൈയേറ്റം എത്ര സമയം കൊണ്ട് ഒഴിപ്പിക്കാനാവുമെന്ന് അറിയിക്കാൻ 2017 ൽ ഒരു ഡിവിഷൻ ബെഞ്ച് സർക്കാരിനോടും കൊച്ചി നഗരസഭയോടും ആവശ്യപ്പെട്ടിരുന്നു. രണ്ടു വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല.