കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 9 മുതൽ 20 വരെ ആഘോഷിക്കും. ജനുവരി 9 ന് വൈകിട്ട് എട്ടിന് വിശേഷ ആചാരങ്ങളോടെ നടതുറക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഉത്സവത്തിനു മുന്നോടിയായി ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്ര ട്രസ്റ്റിന്റെ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി രാതുൽറാം, അൻവർ സാദത്ത് എം.എൽ.എ, സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കളക്ടർ. കെ.ടി. സന്ധ്യാദേവി, പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോൻ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, ക്ഷേത്രം മാനേജർ എം കെ കലാധരൻ എന്നിവർ പങ്കെടുത്തു.