പെരുമ്പാവൂർ: രാഗമേള ലയതാളങ്ങളുടെ സംഗമവേദിയായ കൗമാര കലാമേളയ്ക്ക് ഇന്ന് പെരുമ്പാവൂരിൽ കൊടിയിറക്കം. നാലാംനാളിലെ പോരാട്ടം അവസാനിക്കുമ്പോൾ ഓവർഓൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ മൂന്നാംദിനം പെരുമ്പാവൂരിനെ വെട്ടിച്ച് മുന്നിൽ കയറിയ എറണാകുളം ജൈത്രയാത്ര തുടരുകയാണ്.
എറണാകുളം 694 പോയിന്റ് നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള പെരുമ്പാവൂരിന് 670 പോയിന്റാണുള്ളത്. ഇനി നടക്കാനുള്ളത് 9 ഇനങ്ങളാണ്. ഇതിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കും ഏത് ഉപജില്ലയാണ് ജില്ലയിൽ കേമൻ എന്ന്.
നിലവിലെ ചാമ്പ്യനായ ആലുവ 637 പോയിന്റുകളുമായി മൂന്നാംസ്ഥാനത്താണ്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെല്ലാം എറണാകുളമാണ് മുന്നിൽ. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മൂവാറ്റുപുഴയും (70), ഹൈസ്‌കൂളിൽ പെരുമ്പാവൂരും (79) കിരീട പോരിൽ മുന്നിലുണ്ട്. സംസ്‌കൃതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവയും (76), യു.പിയിൽ അങ്കമാലിയും (73) മുന്നേറ്റം തുടരുകയാണ്.
അതേസമയം അപ്പീലുകൾക്കും കുറവില്ല. വെള്ളിയാഴ്ച വരെ 87 അപ്പീലുകളാണ് ലഭിച്ചത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലാണ് കൂടുതൽ അപ്പീലുകൾ ലഭിച്ചത്. സംഘനൃത്തം, മോഹിനിയാട്ടം, ലളിതഗാനം, നാടകം, ഒപ്പന, കുച്ചിപ്പുടി, കഥകളി ഇനങ്ങളിലാണ് അപ്പീലുകളെത്തിയത്. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് മാർഗംകളി, ഓട്ടൻതുള്ളൽ, വൃന്ദവാദ്യം, നാടൻപാട്ട്, ചവിട്ടുനാടകം മത്സരങ്ങൾ അരങ്ങേറും
പോയിന്റ് നില
എറണാകുളം - 694
പെരുമ്പാവൂർ -670
ആലുവ-637
നോർത്ത് പറവൂർ - 608
മൂവാറ്റുപുഴ -594
മട്ടാഞ്ചേരി -594
യു.പി വിഭാഗം
എറണാകുളം -129
പെരുമ്പാവൂർ - 128
നോർത്ത് പറവൂർ -126
ഹൈസ്കൂൾ
എറണാകുളം - 264
പെരുമ്പാവൂർ - 242
മട്ടാഞ്ചേരി -242
ഹയർസെക്കൻഡറി
എറണാകുളം -296
പെരുമ്പാവൂർ - 295
ആലുവ -291