1
വാർഡ് കൗൺസിലർ സി .പി സജിലിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തുന്നു

തൃക്കാക്കര: തൃക്കാക്കര നഗര സഭയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലാണ് ആദ്യഘട്ടത്തിൽ പടർന്നുപിടിച്ചതെങ്കിൽ ഇപ്പോൾ കിഴക്ക് -തേക്കൻ മേഖലകളിലേക്കും വ്യാപിച്ചു.
ദിവസങ്ങൾക്ക് മുമ്പ് നാല് വയസുള്ള കുട്ടിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു .ഡെങ്കിപ്പനി ബാധിച്ചവർ മറ്റു പല ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലും.മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിൽ കാട്ടിയ അലംഭാവമാണ് പനി പടർന്നുപിടിക്കാൻ കാരണം.

 രണ്ടു മരണം

76 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് സർക്കാർ ആശുപത്രികളിലെ കണക്കുകൾ.

സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല.

ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്തത് പടമുകൾ- 28

മറ്റു വാർഡുകൾ- അത്താണി-ഹെൽത്ത് സെന്റർ, കളത്തിക്കുഴി, ചിറ്റേത്തുകര,

കണ്ണങ്കേരി,തുതിയൂർ,കൊല്ലം കുടിമുഗൾ,മലേപ്പളളി,കമ്പിവേലി

 സമ്പൂർണ്ണ ഉറവിട നശീകരണ ദിനം ഇന്ന്

രണ്ടാഴ്ച്ചക്കാലമായി നടന്നുവരുന്ന ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ സമ്പൂർണ ഉറവിട നശീകരണ ദിനം ഇന്ന്. നഗരസഭയുടെ 43 വാർഡുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ യോഗങ്ങൾ ചേർന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടം ഓരോ വീടുകളിലും കണ്ടെത്തി അവ നശിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.

 വാർഡുകളിൽ നടപടികൾ ആരംഭിച്ചു

ഡെങ്കിപ്പനി പടർന്നുപിടിക്കാതിരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗവും,ജില്ലാ മെഡിക്കൽ വിഭാഗവും ഊർജിതമായ പ്രവർത്തനങ്ങൾ ആരംഭിച്ചിക്കഴിഞ്ഞു.ചില വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്‌കോഡുകൾ രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.ഫോഗിംഗ്,വെള്ളക്കെട്ടുകൾ ഒഴിവാക്കുക, പനി ബാധിച്ചവരെ കൂടുതൽ ശ്രദ്ധ ചെലുത്തുക, തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

 കാമ്പയിൻ ഉണർവിന്റെ പങ്കാളികളായി സ്കൂൾ വിദ്യാർത്ഥികളും

ഇന്നലെ 'ഉണർവി'ന്റെ പ്രചരണാർത്ഥം 'ഈഡിസ് ബോധവത്ക്കരണ പ്രചരണ ജാഥ' സംഘടിപ്പിച്ചു. ഈഡിസ് കൊതുകിന്റെ എട്ട് അടി വലിപ്പമുള്ള ഒരു മാതൃക തയ്യാറാക്കി തൃക്കാക്കരയിലെ പ്രധാന സ്ഥലങ്ങളിൽ കൊതുക് ഉറവിട നശീകരണത്തെ കുറിച്ച് സന്ദേശം പ്രചരിപ്പിച്ചു. കളക്ടറേറ്റ് അംഗണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ് പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ ഉണർവിനെ കുറിച്ച് വിശദീകരിച്ചു അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്‌ന മെഹറലി, കൗൺസിലർമാരായ രഞ്ജിനി ഉണ്ണി, നിഷ ബീവി, റുഖിയ മുഹമ്മദാലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, പ്രോഗ്രാം ഓഫീസർമാരായ പി.എൻ.ശ്രീനിവാസൻ, സി,പി. കൃഷ്ണൻ, ഇ.കെ ഗോപാലൻ, എം.സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രദേശത്തെ സർക്കാർ സ്വകാര്യ, സ്ഥാപനങ്ങൾ ഉൾപ്പെടെ 64 സ്ഥാപനങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്‌തു.