കൊച്ചി: വിവാദത്തിന് തെല്ലും ശമനമില്ലാത്ത പാലാരിവട്ടം ഫ്ളൈ ഓവറിന് ഇനി ശക്തി തെളിയിക്കൽ കടമ്പ ബാക്കി. കരുത്ത് കാട്ടിയില്ലെങ്കിൽ പാലം പൊളിക്കും. ഹൈക്കോടതി ഉത്തരവുപ്രകാരം ഭാരശേഷി പരിശോധന നടത്താൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കും.
മദ്രാസ് ഐ.ഐ.ടി ഉൾപ്പെടെ വിവിധ ഏജൻസികളുടെ പരിശോധനയും മെട്രോമാൻ ഇ. ശ്രീധരന്റെ റിപ്പോർട്ട് പ്രകാരം പാലത്തിന്റെ ബലക്ഷയം തീർക്കാൻ ചില ഭാഗങ്ങൾ പൊളിച്ചുപണിയാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. ഇതിനെതിരെ ചില സംഘടനകൾ നൽകിയ ഹർജിയിൽ ഭാരശേഷി പരിശോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഭാരശേഷി പരിശോധന അനിവാര്യമാണെന്ന് ആദ്യം ഉന്നയിച്ചത് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനാണ്. ഫ്ളൈ ഓവർ പൊളിയ്ക്കാൻ സർക്കാർ അനാവശ്യ ധൃതികാട്ടിയിരുന്നു പരാതി. ബലക്ഷയം കണ്ടെത്തിയ ഫ്ളൈ ഓവറിൽ ചെന്നൈ ഐ.ഐ.ടിയുടെ അഞ്ചു നിർദ്ദേശങ്ങളിൽ മൂന്നും കരാറുകാർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയാൽ പൊളിച്ചുപണിയാം. അല്ലെങ്കിൽ തുറന്നുകൊടുക്കണമെന്ന തങ്ങളുടെ നിലപാടാണ് കോടതി അംഗീകരിച്ചതെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ഭാരശേഷി പരിശോധന
പാലങ്ങളും റോഡുകളും കെട്ടിടങ്ങളും മറ്റും നിർമ്മിക്കുമ്പോൾ അവയ്ക്ക് താങ്ങാൻ കഴിയുന്ന ഭാരവും നിശ്ചയിക്കും. നിർമ്മാണം പൂർത്തിയായാൽ അത്രയും ശേഷി വഹിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുന്നത് പതിവാണ്.
ഉദാഹരണത്തിന് അഞ്ചു ചതുരശ്രയടി സ്ഥലത്തിന് 50 ടൺ ശേഷിയാണ് നിശ്ചയിച്ചതെന്ന് കരുതുക. അത്രയും ഭാഗത്ത് ചാക്കിൽ മണ്ണു നിറച്ചോ കോൺക്രീറ്റ് കട്ടകളോടെ കൊണ്ട് അത്രയും ഭാരം ഘട്ടംഘട്ടമായി വയ്ക്കും. ചിലപ്പോൾ അതിലും കൂടുതൽ ഭാരം വയ്ക്കും. ഇത് ദിവസങ്ങളും ആഴ്ചകളും വരെ തുടരും. അവിടെ എന്തെങ്കിലും പൊട്ടലോ ബലക്ഷയമോ സംഭവിച്ചോയെന്ന് പരിശോധിക്കും. നിശ്ചിതഭാരം വഹിക്കാൻ ശേഷിയില്ലെന്ന് കണ്ടെത്തിയാൽ ഉപയോഗിക്കാൻ അനുവദിക്കില്ല.
റോഡ് കോൺഗ്രസ് അംഗീകരിച്ചത്
ഭാരശേഷി പരിശോധിക്കാൻ കരാറുകാർക്കുൾപ്പെടെ കഴിയും. ദേശീയപാത അതോറിട്ടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സ്ട്രക്ചറൽ എൻജിനീയർമാർ എന്നിവർ മേൽനോട്ടം വഹിക്കും. റോഡ്, പാലങ്ങൾ എന്നിവയുടെ രാജ്യത്തെ അന്തിമവാക്കായ ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച മാർഗമാണ് ഭാരശേഷി പരിശോധന.
ഉചിതമായ മാർഗം
പാലാരിവട്ടം ഫ്ളൈ ഓവറിന്റെ ബലക്ഷയം പരിശോധിക്കാൻ ഉചിതമായ മാർഗമാണ് ലോഡ് ടെസ്റ്റ്. ഒന്നോ രണ്ടോ മാസമെടുത്ത് തൂണുകൾ, ഗർഡറുകൾ, ബീമുകൾ തുടങ്ങിയവയുടെ ശേഷി പരിശോധിക്കാൻ കഴിയും. അവയുടെ ഫലം വിലയിരുത്തി പാലം പൊളിക്കുകയോ തുറന്നുകൊടുക്കുകയോ ചെയ്യാം.
വിശ്വനാഥൻ നായർ, സ്ട്രക്ചറൽ എൻജിനീയർ
ബലമില്ലെങ്കിൽ പൊളിക്കാം
ഡൽഹി മെട്രോയിലുൾപ്പെടെ ലോഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. പാലാരിവട്ടത്തും നടത്തണമെന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. ബലമില്ലെങ്കിൽ പൊളിച്ചുപണിതാൽ മതി. ഏതാനും റിപ്പോർട്ടുകളുടെ പേരിൽ പാലം പൊളിക്കുന്നതിനോട് യോജിപ്പില്ല.
വർഗീസ് കണ്ണമ്പിള്ളി, പ്രസിഡന്റ് ഗവ. കോൺട്രാക്ടേഴ്സ് അസോ.