ആലുവ: കേരളോത്സവം നടത്തിപ്പിനെ ചൊല്ലി നഗരസഭയിൽ ഭരണ ,പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം. മുൻ നിശ്ചയപ്രകാരം കേരളോത്സവം നവംബർ 23, 24 തീയതികളിൽ നടക്കുമെന്ന് ഭരണപക്ഷമായ കോൺഗ്രസ് അറിയിച്ചപ്പോൾ, നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കേരളോത്സവം നടത്തുമെന്ന് എൽ.ഡി.എഫ്. നേതാക്കളും അറിയിച്ചു.
നഗരസഭയുടെ ഭരണം കോൺഗ്രസിനാണെങ്കിലും വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്റെ കൈവശമാണ്. ഇവർ തമ്മിലുള്ള അധികാര തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. നവംബർ 23, 24 തീയതികളിൽ കേരളോത്സവം നടക്കുമെന്ന് കാണിച്ച് ആദ്യം നോട്ടീസ് ഇറക്കിയത് വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതിയാണ്. എന്നാൽ ഇതിൽ പരിപാടികളുടെ വിശദവിവരങ്ങൾ ഉണ്ടായിരുന്നില്ല. ഉദ്ഘാടന സമാപന ചടങ്ങുകളും കാണിച്ചിരുന്നില്ല. ഇതിന് തൊട്ടു പിന്നാലെ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഉദ്ഘാടകനായി അൻവർസാദത്ത് എം.എൽ.എ.യെ നിശ്ചയിച്ച് കൊണ്ട് മറ്റൊരു നോട്ടീസും തയ്യാറാക്കി കൗൺസിൽ യോഗത്തിൽ വിതരണം ചെയ്തു.
എന്നാൽ ഉദ്ഘാടകനെ നിശ്ചയിച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കേരളോത്സവത്തിന്റെ തീയതി നവംബർ 30, ഡിസംബർ ഒന്ന് തീയതികളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ കലാ കായിക സമിതി അറിയിച്ചു.
23ന് ആരംഭിക്കും: ചെയർപേഴ്‌സൺ
ആലുവ: കേരളോത്സവം നടത്തിപ്പിനുള്ള അധികാരം നഗരസഭ കൗൺസിലിനാണെന്നും മുൻ നിശ്ചയപ്രകാരം നവംബർ 23ന് തന്നെ ആരംഭിക്കുമെന്നും ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. രാവിലെ 9.30ന് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ. കേരളോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് അവർ പറഞ്ഞു. കേരളോത്സവത്തിനാണെന്ന് പറഞ്ഞ് നഗരസഭ അനുവദിച്ച 50,000 രൂപ ഓഫീസ് ജീവനക്കാരിയുടെ പക്കൽ നിന്ന് പ്രതിപക്ഷ കൗൺസിലർ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത് അനധികൃതമായ ഇടപെടലാണെന്നും ചെയർപേഴ്‌സൺ ആരോപിച്ചു.
ഉദ്ഘാടനത്തെ ചൊല്ലിയും തർക്കം
ആലുവ: ഉദ്ഘാടകനായി എം.എൽ.എ.യെ നിശ്ചയിച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അറിയിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ ഉദ്ഘാടകയായി കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. എന്നാൽ ഏകപക്ഷീയമായി ചെയർപേഴ്‌സൺ ഉദ്ഘാടകയെ നിശ്ചയിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
23ന് തുടങ്ങുമെന്ന് ഭരണപക്ഷം, 30ന് തുടങ്ങുമെന്ന് പ്രതിപക്ഷം