കൊച്ചി: കൃതി അന്താരാഷ്ട പുസ്തകമേളയുടേയും സാഹിത്യോത്സവത്തിന്റേയും മൂന്നാം പതിപ്പ് ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻെഡ്രൈവിൽ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃതി മൂന്നാം പതിപ്പിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സഹകരണ വകുപ്പും സാഹിത്യപ്രവർത്തകസഹകരണസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന കൃതിയുടെ നടത്തിപ്പിനായി ഒന്നര കോടി രൂപ സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട് 25 കോടിയുടെ പുസ്തകങ്ങൾ വിറ്റഴിക്കാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ ഒന്നര കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനും ഉദ്ദേശിക്കുന്നു. . സംസ്‌കാരകത്തിന്റെ നേരറിവ് എന്നതായിരിക്കും ഇത്തവണത്തെ മേളയുടെ ഇതിവൃത്തം.
ഫെബ്രുവരി 6ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. 250ലേറെ സ്റ്റാളുകളിലായി 150ലേറെ പ്രസാധകരെയാണ് ലക്ഷ്യമിടുന്നത്. മുൻവർഷങ്ങളിലേതു പോലെ മേള നടക്കുന്ന 11 ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങേറും.
സാഹിത്യപ്രവർത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ് പി സോമനാഥൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷനായി. പ്രൊഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തി.