കൊച്ചി : വെയിൽ സിനിമയുടെ പേരിൽ തനിക്കെതിരെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് സംവിധായകൻ ശരത്താണെന്ന് നടൻ ഷെയ്‌ൻ നിഗം. രാത്രിയും പകലും അഭിനയിച്ചു സഹകരിച്ചെങ്കിലും മന:സാന്നിദ്ധ്യം തകർക്കുന്ന വിധത്തിലാണ് സംവിധായകൻ പ്രവർത്തിക്കുന്നത്. ആരുടെയും അടിമയല്ല താനെന്നും ഷെയ്‌ൻ ഫേസ്ബുക്കിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
വെയിൽ സിനിമയ്ക്കു വേണ്ടി 15 ദിവസം കൂടി നൽകാമെന്നാണ് നിർമ്മാതാക്കളുടെ സംഘടനയും അമ്മയും ഇടപെട്ടുണ്ടാക്കിയ ധാരണ. നിർമ്മാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കിയിട്ടും മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടും സംഘടനകളോടുള്ള ബഹുമാനം മൂലമാണ് വീണ്ടും വെയിലിൽ അഭിനയിക്കാൻ തയ്യാറായത്. 15 ദിവസമെന്ന വ്യവസ്ഥ ലംഘിച്ച് ഇരുപതിലധികം ദിവസം ആവശ്യപ്പെട്ടു. കഴിഞ്ഞ 16ന് ലൊക്കേഷനിലെത്തിയപ്പോൾ ശരത് ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്‌നങ്ങളുണ്ടാക്കി. തന്റെ മാനേജർ സതീഷിനെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു ദിവസം ഉറങ്ങാൻ പോലും അനുവദിക്കാതെ തുടർച്ചയായി ചിത്രീകരണം നടത്തി.
സങ്കീർണമായ അഭിനയം ആവശ്യമായ സീനുകളിൽ സഹകരിച്ചു പ്രവർത്തിച്ചെങ്കിലും ശരത്ത് വളരെ മോശമായി പെരുമാറി. കലയും ആത്മാഭിമാനവും പണയം വച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഷെയ്‌ൻ നിഗം പറഞ്ഞു.