കൊച്ചി: കൊച്ചി മേഖലയിലെ രണ്ടു ടോൾ പ്ളാസകൾ ഡിസംബർ ഒന്നുമുതൽ ഫാസ്റ്റാഗിലേക്ക് മാറും. ദേശീയപാത 66ൽ ഇടപ്പള്ളി -വൈറ്റില അരൂർ സെക്ഷനിൽ കുമ്പളത്തുള്ള ടോൾപ്ളാസയും (ഇരു വശത്തേക്കും നാല് ലൈനുകൾ ) ദേശീയപാത 966 എയിൽ ( കണ്ടെയ്നർ റോഡ് ) വല്ലാർപാടം - കളമശേരി സെക്ഷനിൽ മുളവുകാട് പൊന്നാരിമംഗലത്തെ ടോൾ പ്ളാസയുമാണ് (ഇരു വശത്തേക്കും അഞ്ച് ലൈനുകൾ) ഫാസ്റ്റാഗിലേക്ക് മാറുന്നത്.

ഈ രണ്ടു ടോൾ പ്ളാസകളിലെയും എല്ലാ ലൈനുകളിലും നിലവിൽ ഫാസ്റ്റാഗ് വഴിയുള്ള ടോൾപിരിവ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഈ ടോൾ പ്ളാസകളിലെല്ലാം ഫാസ്റ്റാഗ് വാങ്ങാനായി പി.ഒ.എസ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ബാങ്കുകൾ വഴിയും ഫാസ്റ്റാഗുകൾ ലഭ്യമാക്കുന്നുണ്ട്.

# ഫാസ്റ്റാഗ് എടുക്കാൻ

ടോൾ പ്ളാസകളിൽ വാഹനവുമായി എത്തുക

ആർ.സി.ബുക്ക്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ (ആധാർ, വോട്ടർ ഐ.ഡി എന്നിവ കരുതണം)

500 രൂപ ഫീസടച്ച് ഫാസ്റ്റാഗ് എടുക്കാം.ഇതു വാഹനത്തിൽ ഒട്ടിച്ചുനൽകും.

ഫാസ്റ്റാഗ് ലഭ്യമാക്കുന്ന ബാങ്ക് ശാഖയിൽ നിന്ന് നേരിട്ടും എടുക്കാം.