കൊച്ചി: ഭരണത്തിലുള്ളവരുടെ തമ്മിലടി മൂലം കൊച്ചി കോർപ്പറേഷനിലെ വികസന പ്രവർത്തനങ്ങൾ മാത്രമല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ( പി.എച്ച്.സി ) പ്രവർത്തനവും സ്തംഭിക്കുന്നു. നഗരസഭ പരിധിയിലെ പി.എച്ച്.സികളുടെ ദൈനംദിന ചെലവിനുള്ള പണം ബാങ്കിൽ നിന്ന് പിൻവലിക്കുന്നതിന് മേയർ വിമുഖത കാണിക്കുന്നതാണ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്.
നഗരത്തിൽ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സർക്കാരിന്റെ നിർദേശപ്രകാരം ആരോഗ്യപ്രവർത്തകരെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ( എച്ച്. എം.സി ) രൂപീകരിച്ചിരുന്നു. ഇതിന്റെ ചെയർമാൻ മേയറാണ്. പി.എച്ച്.സി കളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ദേശീയ ആരോഗ്യ മിഷൻ അനുവദിക്കുന്ന ഫണ്ട് ഈ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. . മൂന്നേ മുക്കാൽ ലക്ഷം രൂപ വീതം ഓരോ അക്കൗïണ്ടിലേക്കും നൽകിയിട്ടുണ്ട്.
# മരുന്ന് വാങ്ങാൻ പണമില്ല
എച്ച്.എം.സി ചെയർമാൻ എന്ന നിലയിൽ മേയറും കൺവീനറായ മെഡിക്കൽ ഓഫീസറും ചെക്കിൽ ഒപ്പിട്ട് നൽകിയെങ്കിൽ മാത്രമേ ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കൗൺസിലിന്റെ അനുവാദമില്ലാതെ ഒപ്പിടാൻ കഴിയില്ലെന്ന് മേയർ നിലപാട് സ്വീകരിച്ചതോടെ എച്ച്.എം.സിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണമില്ലാതായി. പ്രാഥമിക ചികിത്സയ്ക്കും മരുന്നിനും ലാബ് പരിശോധനയ്ക്കും ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പാവങ്ങളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.
ജീവിത ശൈലി രോഗങ്ങൾക്കുൾപ്പെടെ പല മരുന്നുകളുടേയും സ്റ്റോക്ക് തീർന്നിരിക്കുകയാണ്. ലാബിലേക്കാവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും വാങ്ങുന്നതിനും പാലിയേറ്റീവ് ഹോംകെയർ യൂണിറ്റിനാവശ്യമായ ഫണ്ട് നൽകുന്നതിനും നിർവാഹമില്ലാതായി.
# പ്രശ്നം പരിഹരിക്കണമെന്ന് പ്രതിപക്ഷം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി പൊതു ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിരവധി പദ്ധതികളാണ് ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. മേയറുടെ നിരുത്തരവാദിത്വപരമായ സമീപനം പി.എച്ച്.സികളെ ബാധിച്ചിരിക്കുന്നു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ്.പാർലിമെന്ററി സെക്രട്ടറി വി.പി ചന്ദ്രൻ എന്നിവർ മേയർക്ക് കത്ത് അയ്യച്ചു.