അങ്കമാലി: മുല്ലശ്ശേരിത്തോടിന്റെ പുനരുദ്ധാരണത്തിനും, നവീകരണത്തിനുമായി ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകാമെന്ന് മന്ത്രി കെ. ക്യഷ്ണൻകുട്ടി ഉറപ്പുനൽകിയെന്ന് റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. അടിയ്ക്കടിയുണ്ടാകുന്ന പ്രളയത്തിന്റെ സാഹചര്യത്തിൽ മാഞ്ഞാലിത്തോടിന്റെയും മുല്ലശ്ശേരിത്തോടിന്റെയും സമഗ്രമായ പുനരുദ്ധാരണം റിബിൽഡ് കേരളയിൽ ഉൾക്കൊള്ളിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മാഞ്ഞാലിത്തോട് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. മുല്ലശ്ശേരിത്തോടിന്റെ പ്രളയത്തിൽ തകർന്ന ഭാഗങ്ങളുടെ പാർശ്വഭിത്തി നിർമ്മാണവും, ചെളിയും, മാലിന്യങ്ങളും നിക്കം ചെയ്ത് തോടിന്റെ സമഗ്ര പുനരുദ്ധാരണവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു.