കൊച്ചി: ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച സ്വാശ്രയ ഭാരത് കേരള സയൻസ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പഠനങ്ങൾ നടത്തി കേരളത്തിന്റെ ജലഗതാഗത സാധ്യതകളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും നടക്കുന്നത് രണ്ട് വരി പാത നാല് വരിയാക്കാനുള്ള നടപടികളാണ്. സ്ഥലമേറ്റെടുപ്പ് വരുമ്പോൾ ജനങ്ങളിൽ നിന്ന് എതിർപ്പുണ്ടാകുന്നു. അവരുടെ ആവശ്യങ്ങളും സ്ഥലങ്ങളുടെ പ്രത്യേകതയും പഠനവിധേയമാക്കി വേണം ഇത്തരം നടപടികൾ ചെയ്യാൻ. അതിനായി ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തണം. പലഗവേഷണങ്ങളും സാമൂഹിക ബന്ധമുള്ളവയാണോ എന്ന കാര്യത്തിൽ പരിശോധന ആവശ്യമാണ്. കേരളത്തിൽ രണ്ട് തവണയുണ്ടായ പ്രളയത്തിെന്റെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആഴത്തിലുള്ള പഠനം നടത്തി ജനങ്ങളിൽ എത്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ശാസ്ത്രജ്ഞരും പൊതുപ്രവർത്തകരും തമ്മിലുള്ള അകലം കുറക്കുകയും പരസ്പര സംവാദങ്ങൾക്ക് സാദ്ധ്യതകളുണ്ടാകുകയും ചെയ്താൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി ഡയറക്ടർ ഡോ.എം.സുധാകർ അദ്ധ്യക്ഷത വഹിച്ചു. സ്വദേശി ശാസ്ത്ര മൂവ്‌മെന്റ് പ്രസിഡന്റ് ഡോ. വി.എൻ സഞ്ജീവൻ, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.എൻ രാജീവൻ, വിജ്ഞാന ഭാരതി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ എന്നിവർ സംസാരിച്ചു.

ഐ.സി.എ.ആർ മുൻ ഡെപ്യൂട്ടി യറക്ടർ ഡോ. എൻ.ജി.കെ പിള്ള സ്വാഗതവും ഡോ. പി.എസ് .പരമേശ്വരൻ നന്ദിയും പറഞ്ഞു. ശാസ്ത്ര ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയ വിവിധ വിഭാഗങ്ങളുടെ സ്റ്റാളുകൾ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഓ, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസേർച്ച്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചി കപ്പൽശാല, ഡി.ആർ.ഡി.ഓ തുടങ്ങിയവയുടെ സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.