# അവഗണിച്ച് മൂന്ന് അദ്ധ്യക്ഷൻമാർ

കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഷൈനി മാത്യു ജില്ല കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് നഗരാസൂത്രണ സമിതി അദ്ധ്യക്ഷ പദവി രാജിവച്ചു. എന്നാൽ 23 നകം രാജി നൽകണമെന്ന ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എയുടെ അന്ത്യശാസനം മറ്റ് മൂന്ന് അദ്ധ്യക്ഷൻമാരും അവഗണിച്ചു. ഫോർട്ടുകൊച്ചി ഡിവിഷനിലെ കൗൺസിലറായ ഷൈനി ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അഡീഷണൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി.സാബു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ്, നികുതികാര്യ സമിതി അദ്ധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, ഷൈനി മാത്യു എന്നിവരോട് നേതൃത്വം രാജി ആവശ്യപ്പെട്ടത്. വിദേശയാത്ര കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയ എ.ബി.സാബുവുമായി ആലോചിച്ചശേഷം രാജിക്കാര്യം തീരുമാനിക്കാമെന്നാണ് മറ്റുള്ളവരുടെ നിലപാട്. അതേസമയം ഷൈനിയുടെ ഒഴിവിലേക്ക് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എ വിഭാഗക്കാരിയായ ഡെലീന പിൻഹൈറോ നികുതികാര്യ സമിതിയിലെ അംഗത്വം രാജിവച്ചിട്ടുണ്ട്.

# നേതാക്കളെ കാര്യങ്ങൾ ധരിപ്പിക്കും

ഭരണം അവസാനിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെ സ്ഥാനമാറ്റമുണ്ടാവുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് രാജി സമ്മർദ്ദം നേരിടുന്ന അദ്ധ്യക്ഷൻമാർ മുന്നറിയിപ്പ് നൽകുന്നു. ഇത്രകാലവും അദ്ധ്യക്ഷ പദവിയിലിരുന്ന ഷൈനിയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ പാടില്ലെന്നാണ് മറ്റൊരു ആവശ്യം. ഇക്കാര്യങ്ങൾ പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് നാളെ നഗരത്തിലെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും. അതിനുശേഷം ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന് അദ്ധ്യക്ഷൻമാർ പറഞ്ഞു.

ഡിസംബർ 31 നകം മേയർ സ്ഥാനം ഒഴിയണമെന്ന് ഉമ്മൻചാണ്ടി സൗമിനി ജെയിനിന് നേരിട്ട് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. മേയറെ അപമാനിച്ചു പുറത്താക്കുന്നു എന്ന പ്രതീതി ഒഴിവാക്കുന്നതിനാണ് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ കൂടി മാറ്റുന്നതെന്ന് നേതാക്കൾ പറയുന്നു. രണ്ടര വർഷത്തിനു ശേഷം മേയറും സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും മാറുമെന്ന ധാരണ വൈകിയാണെങ്കിലും നടപ്പാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.