പെരുമ്പാവൂർ: മത്സരം നിശ്ചയിച്ചതിനേക്കാൾ ഒരു ദിവസം വൈകിയെങ്കിലും ഹയർസെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ടിന്റെ ഒന്നാംസ്ഥാനം മൂവാറ്റുപുഴ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പെൺകുട്ടികൾ തന്നെയെടുത്തു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയ അതേ ആവേശമായിരുന്നു അവരുടെ മുഖത്ത്. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കയ്യിൽ അവരുടെ പ്രിയപ്പെട്ട കണ്ണന്റെ പ്രതിമയും. വർഷങ്ങളായി ആൺകുട്ടികൾ മേൽക്കോയ്മ പുലർത്തിയിരുന്ന വഞ്ചിപ്പാട്ടിൽ കഴിഞ്ഞ് രണ്ട് വർഷമായി ഒന്നാംസ്ഥാനം തങ്ങൾക്ക് തന്നെ നേടിത്തന്നത് കണ്ണനാണെന്നാണ് കുട്ടികൾ പറയുന്നത്. ആറൻമുള ശൈലിയിലാണ് ഇവർ വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്. രാമായണത്തിലെ ഒന്നാം ഭാഗമണ് ഇവർ വേദിയിലവതരിപ്പിച്ചത്. തന്റെ യാഗം സംരക്ഷിക്കുന്നതിനായി രാമലക്ഷ്മണൻമാരെ വിശ്വാമിത്രൻ യാഗസ്ഥലത്തേക്ക് കൊണ്ടു പോകുന്ന സന്ദർഭമായിരുന്നു പാട്ടിലൂടെ അവതരിപ്പിച്ചത്. സരസ്വതി, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി സന്തോഷ്, അമൃത, അപർണ, അനൈന, ഹിസാന, ജയലക്ഷ്മി, കൃഷ്ണപ്രിയ, മെറിൻ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
ഇത്തവണ എച്ച്.എസ്.എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത ഒൻപത് ടീമുകളിൽ ആൺകുട്ടികളുടെ ഒരു ടീം മാത്രമാണ് ഉണ്ടായിരുന്നത്.പങ്കെടുത്ത ഒൻപത് ടീമുകളിൽ അഞ്ച് ടീമുകൾക്ക് എ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ ദിവസം മാനുവൽ പരിഷ്കാരത്തിലെ അപാകതകളെ തുടർന്ന് വിധികർത്താക്കൾ ചില ടീമുകളെ അയോഗ്യരാക്കിയിരുന്നു. തുടർന്ന് മത്സരാർത്ഥികളും അധ്യാപകരും പ്രതിഷേധിക്കുകയും മത്സരം മാറ്റി വയ്ക്കുകയുമായിരുന്നു. താമസിക്കാനൊന്നും തയ്യാറെടുക്കാതെയായിരുന്നു മിക്ക കുട്ടികളും എത്തിയത്. ഒരുക്കങ്ങളെല്ലാം വീണ്ടും ചെയ്യേണ്ടി വന്നതായി മത്സരാർത്ഥികൾ പറഞ്ഞു. അതേസമയം, ഉപജില്ലയിൽ തന്നെ തിരുത്തേണ്ടിയിരുന്ന ചില സംഗതികൾ അതേപടി ചില ടീമുകൾ ജില്ലാതലത്തിലും അവതരിപ്പിച്ചതായി മത്സരശേഷം വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.