vellappally-

കൊച്ചി: ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും വിഷയം പഠിച്ചശേഷം പിന്നീട് മറുപടി പറയാമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പത്തിനും 50 വയസിനുമിടയിലുള്ള സ്‌ത്രീകൾ ശബരിമല കയറുമെന്ന് വിശ്വസിക്കുന്നില്ല. ചിലർ കയറിയെന്ന് പറയുന്നത് എങ്ങനെയെന്ന്‌ എല്ലാവർക്കുമറിയാം. ഭക്തർക്കൊപ്പമാണ് യോഗം. വിധിയുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ ജനവികാരം പ്രധാന ഘടകമാണ്. പുന്നല ശ്രീകുമാർ പറയുന്നത് സ്‌ത്രീ - പുരുഷ സമത്വത്തെക്കുറിച്ചാണ്. അത് ശബരിമലയിൽ വേണമോയെന്നത് ഭക്തരുമായി ആലോചിക്കണം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രവർത്തനങ്ങളുമായി യോഗം മുന്നോട്ട് പോകും. പുന്നലയും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. അതിൽ വിള്ളലുണ്ടായിട്ടില്ല. ആചാരങ്ങൾ നിലനിൽക്കുകയും അനാചാരങ്ങൾ ഒഴിവാക്കുകയും വേണം. പ്രതിഷ്‌ഠ നടത്തുന്നവരാണ് തന്ത്രിമാർ. പിന്നീട് വരുന്നവർ പറയുന്നതിന് പ്രസക്തിയില്ല. ശബരിമലയിൽ യുവതികൾ കയറാത്തത് കീഴ്‌വഴക്കമാണ്.

 വിദ്യാർത്ഥിനി​ പാമ്പു കടിയേറ്റ് മരിച്ചത് സ്‌കൂളിലെ ശുചിത്വമില്ലായ്‌മയാണ് വെളിവാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സ്‌കൂളിലും പാമ്പ് വരരുത്. നിർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണിത്.