ഏറ്റെടുത്തത് പെരുമാംകണ്ടം കോട്ട റോഡും, കക്കടാശേരികാളിയാർ റോഡും

പെരുമാംകണ്ടം കോട്ട റോഡ്

മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം നിർമ്മിക്കും

കക്കടാശേരികാളിയാർ റോഡ്

ആയവന,പോത്താനിക്കാട്,പൈങ്ങോട്ടൂർ,പഞ്ചായത്തുകളിലെ പ്രധാന കവലകളും,വളവുകളും, പാലങ്ങളും, കലുങ്കുകളും,ഓടകളും വികസിപ്പിക്കും

മൂവാറ്റുപുഴ: സംസ്ഥാനത്ത് ജർമൻ സാമ്പത്തിക സഹായത്തോടെ റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമിക്കുന്ന റോഡുകളുടെ ലിസ്റ്റിൽ മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾ ഇടംപിടിച്ചു. മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നിയോജക മണ്ഡലാതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡും, കക്കടാശേരിയിൽ നിന്നും ആരംഭിച്ച് ഞാറക്കാട് അവസനിക്കുന്ന കാളിയാർ, വണ്ണപ്പുറം റോഡുമാണ് റീബിൽഡ് കേരളം പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75 കി.മീ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ തേനി ഹൈവേയുടെ ഭാഗമാണ്.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇടുക്കിയിൽ എത്തിച്ചേരാനാകും. കേരളത്തെയും തമിഴ്‌നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ തേനി ഹൈവേക്ക് 185 കിലോമീറ്റർ ദൂരമാണുള്ളത്. എറണാകുളം ജില്ലയിൽ 15 കിലോമീറ്ററും ഇടുക്കി ജില്ലയിൽ 140 കിലോമീറ്ററും തമിഴ്‌നാട്ടിൽ 30 കിലോമീറ്ററും ഉൾപ്പെടുന്നതാണ് നിർദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ. കക്കടാശേരി മുതൽ ഞാറക്കാട് വരെ 20 കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കാനാണ് പദ്ധതി റോഡ് വികസനം.

നിർദിഷ്ട കക്കടാശേരിചേലച്ചുവട് പാത പദ്ധതിക്കു പുതുജീവൻ നൽകിക്കൊണ്ടാണ് റീബിൽഡ് കേരളം പദ്ധതിയിൽ കക്കടാശേരി മുതൽ ഞാറക്കാട് വരെയുള്ള റോഡ് വികസനം ഇടം പിടിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ കക്കടാശേരിയിൽ തുടങ്ങി കോതമംഗലം ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. കൊച്ചിയിൽ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താൻ 15 കിലോമീറ്ററിലധികം ദൂരക്കുറവും, എറണാകുളം ഇടുക്കി യാത്ര ദൂരത്തിൽ 35 കിലോമീറ്ററും ദൂരക്കുറവും,നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. ആലപ്പുഴ മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച പാലം കൂടി യാഥാർഥ്യമായതോടെ എറണാകുളത്ത് നിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാർ,ബഥേൽ,നെടുങ്കണ്ടം,കമ്പംമെട് വഴി മധുരയ്ക്ക് 50 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകുന്ന ചരിത്ര നേട്ടവും യാത്രികർക്കുണ്ടാകും. നിലവിൽ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതൽ ചേലച്ചുവട് വരെ ആലപ്പുഴ മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ,കക്കടാശേരി മുതൽ ഞാറക്കാട് വരെയാണ് എറണാകുളം ജില്ലയിൽ റോഡ് വികസനം നടക്കാനുള്ളത് .

പ്രാഥമിക സർവേ ആരംഭിച്ചു

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡൽഹി ആസ്ഥാനമായുള്ള ലൂയിസ് ബർഗർ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ പ്രാഥമിക സർവേ നടപടികൾ ആരംഭിച്ചു. കമ്പനി സർവേനടപടികൾ പൂർത്തിയാക്കി ഡി.പി.ആർ, എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.