ഒക്കൽ: ശ്രീനാരായണ ഗുരുദേവന്റെ അക്ഷരരൂപമാണ് ഗുരു രചിച്ച ആത്മോപദേശ ശതകമെന്ന് ഡോ. ഗീതസുരാജ് പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ ഒക്കൽ യൂണിറ്റ് സംഘടിപ്പിച്ച ഗുരുപഥം ദാർശനിക പ്രഭാഷണ പരമ്പരയിൽ പ്രിയമൊരുജാതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. വേദാന്തം കടഞ്ഞ അമൃതബിന്ദുക്കളാണ് ഇതിലെ ഓരോ മന്ത്രവും. പുരുഷാർത്ഥങ്ങളിൽ അർത്ഥകാമങ്ങൾ മാത്രം അവശേഷിക്കുന്ന കലിയുഗത്തിൽ അടരാടാൻ ആയുധമില്ലാതെ ജീവിതം ജീവിച്ചു തീർക്കുന്നവർക്കുകൂടിയാണ് ഗുരു ആത്മോപദേശശതകം ഗീതം ചെയ്തതെന്നും അവർ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ മുൻ രജിസ്ട്രാർ എം. വി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു ഉദ്ഘാടനം ചെയ്തു.ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ഇ.വി.വിലാസിനി, സെക്രട്ടറി എം.ബി രാജൻ, ജനറൽ കൺവീനർ എം.വി ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. കമ്മിറ്റി അംഗം ബിനു ലൈജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി ബാബു നന്ദിയും പറഞ്ഞു.