പെരുമ്പാവൂർ: ഭക്ഷണം കഴിക്കാതെ മണിക്കൂറുകളോളം മേക്കപ്പിട്ടു നിന്നതിനെ തുടർന്ന് ഓട്ടൻ തുള്ളൽ മത്സരത്തിനിടെ മത്സരാർത്ഥി കുഴഞ്ഞു വീണു. ഓട്ടൻതുള്ളൽ എച്ച്.എസ്.വിഭാഗത്തിൽ പങ്കെടുത്ത പുല്ലുവഴി ജയകേരളം ഹയർസെക്കൻഡറി സ്‌കൂളിലെ മന്യ മനോജാണ് പ്രകടനം അവസാനിച്ചതിനൊപ്പം വേദിയിൽ തളർന്നുവീണത്. എച്ച്.എസ് വിഭാഗത്തിൽ ഏഴ് പേരാണ് മാറ്റുരച്ചത്. രാവിലെ പത്തിന് ആരംഭിച്ച മത്സരത്തിൽ, മന്യക്ക് ലഭിച്ചത് ഏഴാം നമ്പറായിരുന്നു. അവസരം കിട്ടിയത് ഉച്ചക്ക് ഒന്നരയോടെ. ആരോഗ്യപ്രവർത്തകരെത്തി പ്രഥമ ശുഷ്രൂഷ നൽകുകയും സംഘാടകർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ വിദ്യാർത്ഥിനി നിരുപമ വേണുഗോപാലിനാണ് ഒന്നാം സ്ഥാനം. എ ഗ്രേഡുള്ള മന്യ അപ്പീൽ നൽകിയിട്ടുണ്ട്.