keralolsavam
ആലുവ നഗരസഭ കേരളോത്സവത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നഗരസഭയും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. കലാകായിക വിഭാഗത്തിന്റെ ചുമതലയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പെടെ പ്രതിപക്ഷത്തെ എല്ലാവരും കേരളോത്സവം ബഹിഷ്കരിച്ചു.

കായിക മത്സരങ്ങൾ മുനിസിപ്പൽ ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി. ഓമന, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെറോം മൈക്കിൾ, ടിമ്മി ബേബി, വി. ചന്ദ്രൻ, കൗൺസിലർമാരായ പി.എം. മൂസാക്കുട്ടി, ലീന ജോർജ്ജ്. ജെബി മേത്തർ, ടെൻസി വർഗീസ് , ലളിത ഗണേശൻ, നഗരസഭ സെക്രട്ടറി ടോബി തോമസ് എന്നിവർ സംസാരിച്ചു.

രണ്ടാം ദിനമായ ഇന്ന് രാവിലെ 9.30 ന് നഗരസഭ കോൺഫ്രൻസ് ഹാളിൽ കലാമത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ പേര് നൽകിയവരും, ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും രാവിലെ നഗരസഭ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഡിസംബർ 1, 2 തീയതികളിലാണ് ജില്ലാ കേരളോത്സവ മത്സരങ്ങൾ നടക്കുന്നത്.

മാറ്റാൻ ആവശ്യപ്പെട്ടത് വേണ്ടത്ര രജിസ്‌ട്രേഷൻ ഇല്ലാത്തതിനാൽ


ആലുവ: നഗരസഭ കേരളോത്സവം വീണ്ടും മാറ്റിവെയ്ക്കാൻ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടത് വേണ്ടത്ര രജിസ്‌ട്രേഷൻ ഇല്ലാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. കേരളോത്സവം ഉദ്ഘാടനം കോൺഗ്രസ് രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ചടങ്ങാക്കി. പങ്കെടുത്തവരിൽ നഗരവാസികളല്ലാത്തവരും ഉണ്ട്. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് നവംബർ 30 ഡിസംബർ 1 തീയതികളിൽ മത്സരം നടത്താനാണ് നിശ്ചയിച്ചത്.

മുതലെടുപ്പ് അപലപനീയം:കോൺഗ്രസ്

കലാകായിക പ്രതിഭകൾക്ക് പ്രോത്സാഹനവും അവസരങ്ങളും നൽകുന്നതിന് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ കേരളോത്സവം സംഘടിപ്പിക്കുന്നതെന്നും ഇത് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് വേദിയാക്കുകയാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ ആരോപിച്ചു.