കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉയർന്ന ഉദ്യോഗസ്ഥനും ഡ്രൈവർക്കും ഭക്തരുടെ വക പൊതിരെ തല്ല്. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം.
ബോർഡിന്റെ തൃശൂർ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും ഡ്രൈവറുമാണ് കക്ഷികൾ. ഇരുവരെയും സംഭവസ്ഥലത്ത് വച്ച് തന്നെ ഭക്തർ അടിച്ച് പരുവമാക്കി. ഡ്രൈവർക്ക് ദേഹമാസകലവും ഉദ്യോഗസ്ഥന് മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഭക്തർ പിടിച്ചുകെട്ടുമെന്ന് മനസിലായ ഇരുവരും ഇതിനിടെ ഓടി രക്ഷപ്പെട്ടു.
എറണാകുളം ജില്ലക്കാരിയും പട്ടികജാതിക്കാരിയുമായ യുവതി ഇന്നലെ ദേവസ്വം ബോർഡിനും ചോറ്റാനിക്കര പൊലീസിനും പരാതി നൽകി. പിന്നാലെ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. പരാതിക്കാരിയിൽ നിന്നും ദേവസ്വം ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ക്ഷേത്രത്തിൽ പതിവായി ദർശനത്തിനെത്താറുള്ള യുവതിയോട് നടപ്പന്തലിന് അരികിലെ സത്രത്തിന് സമീപം വച്ച് ഇരുവരും മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ അയ്യപ്പഭക്തരുൾപ്പെടെ ഓടിക്കൂടി.
കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ആരോപണ വിധേയൻ. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് ഓർഗനൈസേഷൻ ബോർഡിന് പരാതി നൽകി. അതേസമയം പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും അറിയുന്നു.