പെരുമ്പാവൂർ: മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തേക്ക് ഇത്തവണ ശ്രീലേഖ പോകുന്നത് ഹാട്രിക് ജയം ലക്ഷ്യമിട്ടാണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീലേഖ. മുമ്പ് രണ്ട് തവണയും സംസ്ഥാനതലത്തിൽ ഒന്നാമതായിരുന്നു. ഹൈസ്‌കൂൾ വിഭാഗം മിമിക്രിയിൽ രണ്ട്കൊല്ലം മുമ്പ് സംസ്ഥാനതലത്തിൽ ഒന്നാമതായ ശ്രീലേഖ കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിലും നേട്ടം ആവർത്തിച്ചു. ആൺകുട്ടികൾക്കൊപ്പം മൽസരിച്ചാണ് തൃശൂരിൽ നടന്ന സംസ്ഥാനസ്‌കൂൾ കലോൽസവത്തിൽ വിജയിച്ചത്. അഞ്ച് മിനിട്ടിൽ ചെമ്പൻ വിനോദ് ഉൾപ്പെടെയുള്ള 20 സിനിമാതാരങ്ങളുടെ ശബ്ദം അനായാസമായി അവതരിപ്പിക്കുന്ന ശ്രീലേഖയുടെ മികവിന് മുന്നിൽ എതിരാളികൾക്ക് മറുപടിയുണ്ടായില്ല.